കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തി ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെ വീട്ടിലേക്ക് പോകുകയും ചുറ്റുപാടുമുള്ളവർക്ക് രോഗം പകരുകയും ചെയ്ത നിരവധി സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളം വായിച്ചും കേട്ടും കണ്ടുമറിഞ്ഞു. എന്നാൽ പിതാവിന് അപകടം പറ്റിയതറിഞ്ഞ് ഖത്തറിൽ നിന്ന് പാഞ്ഞെത്തുകയും രോഗലക്ഷണങ്ങളെ തുടർന്ന് ഐസൊലേഷൻ വാർഡിൽ അഡ്മിറ്റാകുകയും, ഒടുവിൽ തൊട്ടടുത്തുള്ള മുറിയിൽ തന്റെ അച്ചാച്ചന്റെ ചേതനയറ്റ ശരീരമുണ്ടെന്നറിഞ്ഞിട്ടും അവസാനമായി ഒരു നോക്ക് കാണാനാകാത്ത നിസഹായതയിൽ കഴിയുകയും ചെയ്ത ലിനോ ആബേൽ എന്ന യുവാവിന്റെ കഥ ആരുടേയും കണ്ണു നനയ്ക്കും.

Read More: നിധിപോലെ സൂക്ഷിച്ച ഫോട്ടോ എന്നേക്കുമായി നശിപ്പിച്ചു കളയുന്നു; ചെന്നിത്തലയ്ക്ക് എതിരെ വിമർശനവുമായി യുവാവ്

ഐസൊലേഷൻ വാർഡിൽ കിടന്നുകൊണ്ട് ലിനോ എഴുതിയ ഹൃദയഭേദകമായ കുറിപ്പ്:

മിസ് യൂ അച്ചാച്ചാ…

എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്ന് എനിക്കറിയില്ല ഒന്നു വായിക്കാന്‍ ഇത്തിരി സമയം മാത്രമേ ചോദിക്കുന്നൂള്ളൂ ലൈക്ക് ചെയ്യാനല്ല

മറ്റൊരാള്‍ക്കു ഒരു ഇൻസിപിരേഷനാകാൻ പറ്റുമെങ്കില്‍ നന്നായിരുന്നു. ലൈവായി വീഡിയോ ചെയ്യാനുള്ള മാനസിക അവസ്ഥയില്‍ അല്ലാത്തതുകൊണ്ടാണ് എഴുതിയത്.

ഞാന്‍ ലിനോ ആബേല്‍

മാര്‍ച്ച് ഏഴിന് രാവിലെയാണ് എന്റെ ചേട്ടന്റെ മെസ്സേജ് കാണുന്നത്. പെട്ടെന്ന് വിളിക്കുക അത്യാവശ്യമാണ് പെട്ടെന്ന് തന്നെ ഞാന്‍ നാട്ടിലേക്ക് വിളിക്കുകയും ചെയ്തു. അപ്പോഴാണ് അറിയുന്നത് അച്ചാച്ചന്‍(അച്ഛന്‍) രാത്രിയില്‍ കട്ടിലില്‍ നിന്നു ഉറക്കത്തില്‍ താഴെ വീണു സീരിയസ് ആണെന്ന്. തൊടുപുഴയിൽ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു. പിന്നീട് വിളിച്ചപ്പോള്‍ കാഷ്വാലിറ്റിയില്‍ ആണെന്നും സ്‌കാന്‍ ചെയ്തപ്പോള്‍ ഇന്റേണൽ ബ്ലീഡിങ് ആണെന്നും പറഞ്ഞു. എന്റെ കമ്പനിയില്‍ (BEEGLOBAL PRODUCTION) പറഞ്ഞപ്പോള്‍ തന്നെ നാട്ടിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു. നാട്ടിലെ കൊറോണ വാര്‍ത്തകള്‍ കണ്ട് എത്താൻ പറ്റുമോ എന്ന് അറിയില്ലായിരുന്നു. എങ്കിലും രാത്രിയില്‍ ഖത്തറി ല്‍നിന്നും യാത്ര തിരിച്ചു

എട്ടാം തീയതി രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തുകയും ഫ്‌ളൈറ്റ് ഫോം ഫില്‍ ചെയ്തു ഏല്‍പ്പിക്കുകയും ചെയ്തു. എനിക്ക് അപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. ടെംപറേച്ചർ നോര്‍മല്‍ ആയിരുന്നു

മാസ്ക് ഞാന്‍ അവിടെ നിന്നു വരുമ്പോള്‍ തന്നെ യൂസ് ചെയ്തിരുന്നു. തൊടുപുഴയില്‍ നിന്നും N95 മാസ്കും ഞാന്‍ വാങ്ങിച്ചിരുന്നു

ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ട് ആരുടെയും ദേഹത്തു തൊടാതിരിക്കാനും അകലം പാലിക്കാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു. അവിടെ നിന്നും കോട്ടയം എത്തുകയും ചേട്ടനുമായി സംസാരിക്കുകയും ചെയ്തു. ഉള്ളില്‍ ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ടു അച്ഛനെ കാണാന്‍ നിന്നില്ല. അപ്പോള്‍ അച്ഛന്‍ വെന്റിലേറ്ററിൽ ആയിരുന്നു.

അവിടെ നിന്നും പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ചെറുതായി ചുമയ്ക്കുകയും തൊണ്ടയില്‍ എന്തോപോലെ തോന്നുകയും ചെയ്തു. ആദ്യം വേണ്ട എന്നു തോന്നി, പക്ഷെ ഞാന്‍ കാരണം എന്റെ വീട്ടിലുള്ളവരും എന്റെ ചുറ്റുമുള്ളവരെയും ഓര്‍ത്തപ്പോള്‍ കൊറോണ സെക്ഷനില്‍ അറിയിക്കാന്‍ തന്നെ തീരുമാനിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലെ തന്നെ കൊറോണ സെക്ഷനില്‍ ബന്ധപ്പെട്ടു. അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു ഖത്തറിൽ എല്ലായിടത്തും കൊറോണ സ്‌പ്രെഡ് ആകുന്നതുകൊണ്ടു സ്കൂളും സൂപ്പർമാർക്കറ്റും അടച്ചെന്നും ഇവിടെ നിന്നു ഖത്തറിലേക്കുള്ള യാത്രയും താൽക്കാലികമായി ക്ലോസ് ചെയ്തിരിക്കുന്നു എന്നും പറഞ്ഞു. അവിടെ നിന്നും എന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അന്ന് രാത്രിയില്‍ ഏകദേശം 10: 30 യോട് കൂടി അച്ഛന് ഒരു സ്ട്രോക്ക് ഉണ്ടാകുകയും മരണപ്പെടുകയും ചെയ്തു. ഇവിടെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നുകൊണ്ട് ഒന്നു കാണാന്‍ സാധിക്കുമോയെന്നു ചോദിച്ചപ്പോള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സാധിക്കുകയില്ലെന്നും അറിയിച്ചു. കരയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.

തൊട്ടടുത്തു ഉണ്ടായിട്ടും ഒന്നു കാണാന്‍ പറ്റാതിരിക്കുന്നത് ഭീകരമാണ്.

കട്ടിലിൽ നിന്നു വീണതുകൊണ്ട് തൊട്ടടുത്ത ദിവസം പോസ്‌റ്റ്‌മോർട്ടം ഉണ്ടായിരുന്നു. ഞാന്‍ കിടന്നിരുന്ന റൂമിന്റെ മുന്‍ വശത്തു തന്നെ ആയിരുന്നു പോസ്‌റ്റ്‌മോർട്ടം റൂം. പത്താം തീയതി ഉച്ചയ്ക് 3 മണിയോട് കൂടി അച്ഛനുമായി ആംബുലന്‍സ് പോകുമ്പോള്‍ ജനലില്‍ കൂടി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

വീട്ടില്‍ എത്തിയപ്പോള്‍ വീഡിയോ കാള്‍ ചെയ്താണ് ഞാന്‍ അച്ചാച്ചനെ അവസാനമായി കണ്ടത്

ഒരുപക്ഷേ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തില്ലായിരുന്നെങ്കില്‍ എനിക്ക് അച്ചാച്ചനെ കാണാന്‍ പറ്റുമായിരുന്നു…

രോഗം ഉണ്ടെങ്കില്‍ എന്റെ വീട്ടിലുള്ളവർക്കും നാട്ടിലുള്ളവർക്കും ഞാന്‍ ആയിട്ടു പടര്‍ത്തില്ല എന്നു ഉറപ്പിച്ചത് കൊണ്ടാണ് എനിക്ക് അപ്പനെ കാണാന്‍ പറ്റാതിരുന്നത്…

ദയവായി പ്രവാസികള്‍ അടുത്തുള്ള മെഡിക്കല്‍ ഓഫീസില്‍ അറിയിക്കുക. കുറച്ചു ദിവസങ്ങള്‍ ഇതിനായി മാറ്റിവച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബതോടൊപ്പം സുഖമായി കഴിയാം.

‘Isolation ward is not a concentration camp*’

ഇപ്പോഴും ഐസൊലേഷന്‍ റൂമില്‍ ആണ്, നെഗറ്റീവ് റിസൽട്ട് വരുന്നതും കാത്ത്…

ഒരുപക്ഷേ നെഗറ്റീവ് റിസൽട്ട് ആണെങ്കില്‍ ആവും എനിക്ക് ഒരുപാട് സങ്കടമാവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook