കൊറോണ ബോധവത്കരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ​ ശ്രദ്ധ നേടുകയാണ് ഒരു പൊലീസുകാരിയുടെ പാട്ട്. ‘തകർക്കണം തകർക്കണം നമ്മളീ കൊറോണയെ,’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നത് ദീപയാണ്. തൊട്ടിൽപാലം ജനമൈത്രി പൊലീസ് ആണ് ഈ കൊറോണ ഗാനത്തിനു പിന്നിൽ. അബ്ദുള്ളക്കുട്ടിയുടേതാണ് രചന.

“ഭയപ്പെടേണ്ട കരുതലോടെ, ഒരുമയോടെ നീങ്ങിടാം മുന്നിൽ നിന്ന് പട നയിച്ച് കൂടെയുണ്ട് പൊലീസും, ഒരുമയോടെ കൂടെ നിന്ന് ഈ വിപത്തിനെ ചെറുത്തിടാം. മുഖത്ത് നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം,” എന്നാണ് പാട്ട് മുന്നോട്ട് വയ്ക്കുന്ന സന്ദേശം. ഒപ്പം കൊറോണ കാലത്ത് പാലിക്കേണ്ട ജാഗ്രത നിർദേശങ്ങളും പാട്ടിൽ പറഞ്ഞുപോവുന്നുണ്ട്. ദീപയുടെ മധുരതരമായ ശബ്ദത്തിനും വീഡിയോയ്ക്കും കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

കൊറോണ ബോധവത്കരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പൊലീസ് ഇതിനകം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ‘ബ്രേക്ക് ദ ചെയിൻ’ ക്യാംപെയിനിന്റെ ഭാഗമായി പൊലീസ് ഒരുക്കിയ ബോധവത്കരണ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. “പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം, പ്രവർത്തിക്കാം നമുക്കൊരുമിച്ച്. കേരള പോലീസ് ഒപ്പമുണ്ട്,” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ ദേശീയമാധ്യമങ്ങളുടെ വരെ ശ്രദ്ധ കവർന്നിരുന്നു.

മാസ്ക് ധരിച്ച ഒരു പറ്റം പൊലീസുകാർ ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ഫലപ്രദമായ ഹാൻഡ് വാഷ് രീതി പരിചയപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ നഞ്ചിയമ്മ പാടിയ നാടൻപാട്ടും വീഡിയോയുടെ പശ്ചാത്തലത്തിൽ നൽകിയിരുന്നു. പാട്ടിനൊപ്പം താളാത്മകമായി ചുവടുവയ്ക്കുന്ന പൊലീസുകാരെയും വീഡിയോയിൽ കാണാം.

Read more: നഞ്ചിയമ്മയുടെ കിടിലൻ പാട്ടും പൊലീസുകാരുടെ ബോധവത്കരണ ഡാൻസും; വീഡിയോ

കോവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും രസകരമായൊരു വീഡിയോയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴി കേരള പൊലീസ് ജനങ്ങളിലേക്ക് എത്തിച്ചത്. ‘മണിചിത്രത്താഴി’ൽ ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള വീഡിയോ ആണ് ബോധവത്കരണ സന്ദേശത്തിനായി പൊലീസ് തിരഞ്ഞെടുത്തത്. വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ എന്നാണ് വീഡിയോ മുന്നോട്ട് വയ്ക്കുന്ന സന്ദേശം.

Read more: അല്ലിക്ക് ആഭരണമെടുക്കാൻ ഇപ്പോൾ പോവേണ്ട, ഗംഗയേയും പറഞ്ഞ് മനസ്സിലാക്കി കേരളപൊലീസ്; വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook