കോവിഡ് 19 ന്റെ വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ മദ്യശാലകൾ അടച്ചിടാത്തതിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. പലയിടത്തും കോൺഗ്രസും ബിജെപിയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്‌തു. അങ്ങനെയൊരു പ്രതിഷേധ പരിപാടിക്കിടെ നടന്ന കാഴ്‌ചയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.

പെരിന്തൽമണ്ണ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലറ്റിലെ മദ്യവിൽപ്പന നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നടത്തിയ പ്രതിഷേധവും അതിന്റെ തുടർച്ചയായി സംഭവിച്ചതുമായ വീഡിയോ ആണ് ചിരിപടർത്തുന്നത്. കോവിഡ് 19 വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ആളുകൾ കൂടാൻ സാധ്യതയുള്ള മദ്യവിൽപ്പനശാല അടയ്‌ക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

Read Also: കൊറോണ: മാർച്ച് 31 വരെയുളള 84 ട്രെയിനുകൾ കൂടി റദ്ദാക്കി ഇന്ത്യൻ റെയിൽവേ

മദ്യവിൽപ്പനശാല ഉപരോധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിൽ നൂറോളം ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് വീഡിയോയിൽ കാണാം. ഉപരോധമുള്ളതിനാൽ മദ്യം വാങ്ങാൻ എത്തിയവർക്ക് അങ്ങോട്ട് പ്രവേശിക്കാൻ സാധിക്കാതെയായി. പ്രതിഷേധം അവസാനിച്ചതിനു തൊട്ടുപിന്നാലെ  മദ്യപർ തിക്കിത്തിരക്കി കൂട്ടം കൂട്ടമായി ബിവറേജസ് ഔട്ട്‌ലറ്റിലേക്ക് ഓടുന്നതു കാണാം. മദ്യം വാങ്ങിക്കാനുള്ള വരിനിൽക്കാനാണ് ഓട്ടം.

അതേസമയം, മലപ്പുറം നഗരസഭ പരിധിയിലെ മദ്യശാലകൾ അടച്ചിടാൻ തീരുമാനമായിട്ടുണ്ട്. ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും കീഴിലുള്ള മദ്യശാലകൾ അടച്ചിടാനാണ് തീരുമാനമായത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് നടപടി. ഈ മാസം 31 വരെ മദ്യശാലകൾ അടച്ചിടാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. മദ്യശാലകൾക്ക് നോട്ടീസ് നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകിയതായി നഗരസഭാ അധ്യക്ഷ പറഞ്ഞു.

Read Also: അസാധാരണ സാഹചര്യം, വേണ്ടത് അതീവ ജാഗ്രത: മുഖ്യമന്ത്രി

സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടാത്തതിനെതിരെ നേരത്തെ വിമർശനമുയർന്നിരുന്നു. ബാറുകളും മദ്യശാലകളും അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ നിലപാട്. ബാറുകളിലും മദ്യശാലകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലും തീരുമാനമെടുത്തിരുന്നു. മദ്യശാലകൾ അടയ്‌ക്കാത്തതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook