“എന്റെ അമ്മ ഒരു ഡോക്ടറാണ്. നിങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് എന്റെ അമ്മ എന്നെ വിട്ട് നിൽക്കുന്നത്. അമ്മയെ രക്ഷിക്കാൻ ദയവായി നിങ്ങൾക്ക് വീടുകൾക്കകത്ത് ഇരുന്നകൂടെ?,” ഈ വാക്കുകൾ എഴുതിയ ഒരു കടലാസും കൈയിൽ പിടിച്ച് നിൽക്കുന്ന കൊച്ചു മിടുക്കന്റെ ചിത്രം ആരുടേയും കണ്ണ് നിറയ്ക്കുന്നതാണ്. കൊറോണക്കാലത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമാണിത്.

Read More: ഞങ്ങൾ ഹാപ്പിയായി വീട്ടിലിരിക്കുന്നു; ഇറ്റലിയിൽ നിന്നും ഒരു കോവിഡ് ബാധിതൻ

ചിത്രത്തിൽ നിന്നും മനസിലാകുന്നത് ഈ കുഞ്ഞിന്റെ അമ്മ ഒരു ഡോക്ടറാണെന്നും കോവിഡ് രോഗികളെ ചികിത്സിയ്ക്കുന്നതിനായി അവർ മുഴുവൻ സമയവും ആശുപത്രിയിൽ ചിലവഴിക്കുകയാണെന്നുമാണ്. തന്റെ അമ്മയ്‌ക്കൊപ്പം ഇരിക്കാനും അമ്മയുടെ സ്നേഹം അറിയാനും ഈ കുഞ്ഞിനും അവകാശമുണ്ട്. എന്നാൽ അസുഖ​ ബാധിതർക്ക് വേണ്ടിയാണ് തന്റെ അമ്മ തന്നെ വിട്ട് നിൽക്കുന്നത് എന്ന് ഈ കുഞ്ഞിനറിയാം. അതുകൊണ്ട് തന്നെ ആരും പുറത്തിറങ്ങി രോഗവ്യാപനത്തിന് ഇടവരുത്താതെ തന്റെ അമ്മ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ സഹായിക്കണം എന്നാണ് അവൻ പറയുന്നത്. ഇത്രയും സ്നേഹത്തോടെയും നിഷ്കളങ്കമായും വീടുകളിൽ ഇരിക്കണമെന്ന് ജനങ്ങളോട് പറയാൻ ഈ കുഞ്ഞുങ്ങൾക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക?

അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുതെന്നും വീടുകളിൽ ഇരിക്കണമെന്നും നിരന്തരം സർക്കാരും ആരോഗ്യ പ്രവർത്തകരും ഓർമിപ്പിക്കുന്നുണ്ട്. എന്നിട്ടും അതിനെ തൃണവത്കരിച്ച് പലരും പുറത്തിറങ്ങുന്നു. ഇത് പൊലീസിനും വലിയ തലവേദനയാകുന്നുണ്ട്. നിർദേശങ്ങൾ​ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 402 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മാർച്ച് 31 വരെയാണ് കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ടാഴ്ച സംസ്ഥാനത്തിന് ഏറെ നിർണായകമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഉത്തരവാദിത്തമുള്ള ജനത എന്ന നിലയിൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ​ പാലിക്കുക എന്നതാണ് നമുക്ക് ഈ അവസരത്തിൽ ചെയ്യാനുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook