ഫുഡ് ഡെലിവറി നടത്തുന്ന യുവാവിനെ മര്‍ദിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരായ നടപടിയുണ്ടായത്. തമിഴ്നാട്ടില്‍ കോയമ്പത്തൂരാണ് സംഭവം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീഡിയോ പ്രചരിക്കുന്നുണ്ട്. സ്വിഗി ടിഷര്‍ട്ട് ഇട്ടിരിക്കുന്ന യുവാവിനെയാണ് ട്രാഫിക് കോണ്‍സ്റ്റബിള്‍ മര്‍ദിക്കുന്നത്. രണ്ട് തവണ മുഖത്തടിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. യുവാവിന്റെ മൊബൈല്‍ ഫോണും പിടിച്ചെടുക്കുന്നുണ്ട്.
ഫണ്‍ മാള്‍ സിഗ്നലിന് സമീപമാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് കാരണം അല്‍പ്പനേരം ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയും തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് മര്‍ദിക്കുകയുമായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
വീഡിയോ വൈറലായതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഡെലിവറി ഏജന്റിന്റെ പക്കല്‍ തെറ്റുണ്ടെങ്കിലും മര്‍ദിക്കാന്‍ പാടില്ലായിരുന്നു എന്നാണ് ഭൂരിപക്ഷ അഭിപ്രായം. നിരവധി പേര് സംസ്ഥാന പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രേഡ് 2 കോണ്‍സ്റ്റബിളായ സതീഷ് കുമാറാണ് യുവാവിനെ മര്‍ദിച്ചതെന്ന് പിന്നീട് തെളിഞ്ഞു. സ്കൂള്‍ ബസ് സ്ത്രീയെ ഇടിച്ചതുകാരണം താന്‍ ഫണ്‍ മാള്‍ ജങ്ഷനില്‍ നില്‍ക്കുകയായിരുന്നെന്ന് മര്‍ദനത്തിനിരയായ മോഹനസുന്ദരം പറഞ്ഞതായി കോയമ്പത്തൂര്‍ പൊലീസ് അറിയിച്ചു.
സ്ത്രീയെ ഇടിച്ചതിന് ശേഷം കടന്നു കളഞ്ഞ ബസ് ഡ്രൈവറെ മോഹനസുന്ദരം പിന്നാലെ ചെന്ന് തടയുകയായിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്യാന്‍ മോഹനസുന്ദരം ആരാണെന്ന് ചോദിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മര്‍ദനം. മോഹനസുന്ദരത്തിന്റെ പരാതിയില്‍ പൊലീസ് സതീഷിനെ അറസ്റ്റ് ചെയ്തു.
Also Read: ‘സെഞ്ചുറി കാണാതെ ക്ലീൻ ബൗൾഡ്’, തൃക്കാക്കര ഫലത്തിനു പിന്നാലെ സോഷ്യൽമീഡിയയിൽ ട്രോൾ മഴ