പളളിയിൽ മോഷണം നടത്തിയശേഷം ക്ഷമ ചോദിച്ചുളള കുറിപ്പ് എഴുതി വച്ച് പോയിരിക്കുകയാണ് ഒരു കളളൻ. ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ കൊളളയടിച്ചശേഷം ക്ഷമ ചോദിച്ചുളള കുറിപ്പും എഴുതി വച്ച് കടന്നുകളഞ്ഞ കളളനെ തിരയുകയാണ് പൊലീസ്. യുഎസ്സിലെ കണക്ടിക്കട്ടിലുളള പളളിയിലാണ് മോഷണം നടന്നത്.

കണക്ടിക്കട്ടിലെ ഒലീവ് എഎംഇ സിയോൺ ചർച്ചിൽനിന്നും കളളൻ ഇലക്ടോണിക്സ് ഉപകരണങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വാട്ടർബുറി പൊലീസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ടിട്ടുണ്ട്. പളളിയിൽ 2.7 ലക്ഷം രൂപയോളം വില വരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷണം പോയതായി പളളിയുടെ മാധ്യമ വിഭാഗം തലവൻ വ്യക്തമാക്കി.

മോഷണം നടത്തിയശേഷം അവിടെനിന്നും മടങ്ങും മുൻപ് കളളൻ ഒരു കുറിപ്പ് എഴുതി വച്ചിരുന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ”എനിക്കുവേണ്ടി പ്രാർത്ഥിക്കണം, ക്ഷമിക്കൂ സഹോദരങ്ങളേ, എന്നെ രക്ഷിക്കണം” ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. കുറിപ്പിനൊപ്പം ദുഃഖത്തോടെയുളള മുഖവും വരച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കവർച്ച നടന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതിനു പിന്നാലെ കളളനെ പിടികൂടാനായി പ്രദേശവാസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ