അന്തരിച്ച നടി ശ്രീദേവിക്ക് അനുശോചനമറിയിച്ച കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അനുശോചനം അറിയിച്ചതിനൊപ്പം, 2013ല്‍ യുപിഎ സര്‍ക്കാര്‍ രാജ്യം ഭരിക്കുന്ന കാലത്ത് ശ്രീദേവിയെ പത്മശ്രീ നല്‍കി ആദരിച്ചു എന്നു ചേര്‍ത്തതിന്റെ പേരിലാണ് വിമര്‍ശനം.

‘ശ്രീദേവിയുടെ മരണവാര്‍ത്തയില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അവര്‍ നമ്മുടെ ഹൃദയങ്ങളില്‍ ജീവിക്കും. കുടുംബത്തിന്റേയും ബന്ധുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു. 2013ല്‍ യുപിഎ സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ പത്മശീ നല്‍കി ആദരിച്ചു,’ എന്നായിരുന്നു ട്വീറ്റ്.

മരണത്തെ പോലും രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിമര്‍ശനം. ‘ശ്രീദേവി ജനിച്ചത് കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോഴും, മരിച്ചത് ബിജെപി ഭരണത്തിലിരിക്കുമ്പോഴു’മായിരുന്നെന്നും പറയാമായിരുന്നുവെന്നും ‘ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് ശ്രീദേവി ജീവിച്ചിരുന്നുവെന്നും മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോള്‍ മരിച്ചുവെന്നു കോണ്‍ഗ്രസ് പറഞ്ഞാലും അത്ഭുതപ്പെടാനില്ല’ എന്നുമെല്ലാം വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ട്വീറ്റ് പേജില്‍ നിന്നും നീക്കം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ