വിദ്യാർഥികളുമായി സംവദിക്കാൻ പ്രത്യേകം തൽപ്പരനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് ചൂടേറുമ്പോൾ രാഹുൽ ഗാന്ധി വളരെ കൂളായി വിദ്യാർഥികൾക്കൊപ്പമുണ്ട്. ഇന്ന് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികൾക്കൊപ്പം രാഹുൽ ഗാന്ധി സമയം ചെലവഴിച്ചു. വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്‌തും കളിച്ചുരസിച്ചുമാണ് രാഹുൽ വേദി വിട്ടത്.

രാഹുൽ ഗാന്ധി വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്. വേദിയില്‍ കൈകള്‍ കോര്‍ത്ത് വിദ്യാര്‍ഥികള്‍ക്കും ചില നേതാക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. വിദ്യാര്‍ഥിനികളുടെ ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ചുവടുവയ്‌പ്.

കൂടാതെ വിദ്യാർഥികൾക്കൊപ്പം രാഹുൽ ഗാന്ധി പുഷ് അപ് എടുക്കുന്നുണ്ട്. ഒരു വിദ്യാർഥിനിക്കൊപ്പം ആവേശത്തോടെ പുഷ് അപ് എടുക്കുന്ന രാഹുലിന്റെ വീഡിയോ ഏറെ ചർച്ചയായിട്ടുണ്ട്. ‘ഒറ്റകൈ കൊണ്ട് പുഷ് അപ് അടിക്കാമോ?’ എന്ന് രാഹുൽ ഗാന്ധി വിദ്യാർഥിനിയെ വെല്ലുവിളിക്കുകയും പിന്നീട് ഒറ്റകെെ കൊണ്ട് പുഷ് അപ് എടുത്ത് സദസിന്റെ മുഴുവൻ കെെയടി വാങ്ങിക്കൂട്ടുകയുമാണ് കോൺഗ്രസിന്റെ ജനപ്രിയ മുഖമായ രാഹുൽ ഗാന്ധി.

ആധുനിക ജപ്പാനീസ് ആയോധന കലയായ ഐകിഡോ വിദ്യാർഥികൾക്കായി കാണിക്കുന്ന രാഹുൽ ഗാന്ധിയെയും വീഡിയോയിൽ കാണാം.

Read Also: ജില്ലാ നേതൃത്വത്തിന്റെ സമ്മർദം; തോമസ് ഐസക്കും ജി.സുധാകരനും വീണ്ടും മത്സരിച്ചേക്കും

കന്യാകുമാരിയിലെ നാഗര്‍കോവിലിലേയ്‌ക്കുള്ള യാത്രയ്ക്കിടയില്‍ വഴിയരികില്‍ നിന്ന് പനനൊങ്ക് കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അച്ചന്‍കുളത്തുവെച്ചാണ് രാഹുല്‍ ഗാന്ധിയും ഒപ്പമുള്ള നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സംഘം വഴിയരികിലെ കച്ചവടക്കാരനിൽ നിന്ന് പനനൊങ്ക് വാങ്ങി കഴിച്ചത്.

ഇത് കഴിക്കേണ്ട വിധം ഒപ്പമുള്ളവര്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുക്കുന്നതും അദ്ദേഹം കഴിക്കുന്നതും ഈ വീഡിയോയില്‍ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook