നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ കോൺഗ്രസ് പിൻവലിച്ചു. ശബരിമല യുവതീപ്രവേശനം പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോയാണ് കോൺഗ്രസ് പിൻവലിച്ചത്. ‘വിശ്വാസ സംരക്ഷണത്തിനു നിയമം’ എന്ന മുദ്രാവാക്യം ഉയർത്തികാട്ടിയാണ് വീഡിയോ. ശബരിമല വിഷയം ഉയർത്തിക്കാട്ടി കോൺഗ്രസ് ബിജെപിയേക്കാൾ വർഗീയത പ്രചരിപ്പിക്കുകയാണെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പ്രചാരണ വീഡിയോ പിൻവലിച്ചത്. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പേരാണ് വീഡിയോയെ വിമർശിച്ച് രംഗത്തെത്തിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള എന്ന ഔദ്യൗഗിക പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്ന വീഡിയോ ആണ് പിന്‍വലിച്ചത്.
Read Also: കീറാമുട്ടിയായി ഇരിക്കൂർ; ഗ്രൂപ്പ് തർക്കം മുറുകുന്നു
കെട്ടുനിറച്ച് അയ്യപ്പ ഭക്തര്‍ ശബരിമലയ്ക്ക് പുറപ്പെടുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിനൊപ്പം ഒരു യുവതിയും ശബരിമലയിലേക്ക് പോകുന്നുണ്ട്. ലിപ്സ്റ്റിക്, ഹെഡ്സെറ്റ്, കൂളിങ് ഗ്ലാസ് എന്നിവയെല്ലാം ഈ പെൺകുട്ടി ധരിച്ചിട്ടുണ്ട്. വളരെ മോഡേൺ വേഷത്തിലാണ് ശബരിമലയിലേക്ക് പോകുന്നത്. ഇരുമുടിക്കെട്ട് സെെഡ് ബാഗിലിടുന്നതും വീഡിയോയിൽ കാണിക്കുന്നു. പൊലീസ് അകമ്പടിയോടെ ഈ യുവതി മല ചവിട്ടുകയും പൊലീസിനൊപ്പം സെൽഫിയെടുക്കുകയും ചെയ്യുന്നു. ഇതെല്ലാം കാണുന്ന ഭക്തർ പ്രതിഷേധിക്കുന്നു. വാർത്തയിലൂടെ ഈ ഭാഗം കാണിക്കുന്നുണ്ട്. ഒരു മുത്തശ്ശി വളരെ ദേഷ്യത്തോടെ വീഡിയോ കാണുന്നു. ഇതെല്ലാം ഉൾക്കൊള്ളിച്ചുള്ള വീഡിയോയുടെ അവസാനത്തിൽ ‘വിശ്വാസ സംരക്ഷണത്തിന് നിയമം യുഡിഎഫിന്റെ വാക്ക്’ ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നീ മുദ്രാവാക്യങ്ങളും കാണിക്കുന്നു.
വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. പരസ്യം ബിജെപിയുടെയാണോ കോൺഗ്രസിന്റെയാണോ എന്ന ആശയക്കുഴപ്പം ഉണ്ടാകുമെന്നാണ് ഇടത് പ്രൊഫെെലുകളുടെ പരിഹാസം. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ, ശബരിമല വിഷയം അടഞ്ഞ അധ്യായമാണെന്ന് എൽഡിഎഫ് പറയുന്നു.