ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇരട്ടമെഡൽ നേടിയ പിറവം മുൻ എം എൽ എയും സി പി എം നേതാവുമായ എം ജെ ജേക്കബിന് അഭിനന്ദന പ്രവാഹം. പ്രായം വെറും സംഖ്യയാണെന്ന് തെളിയിച്ച പ്രിയ നേതാവിനു മന്ത്രിയും എം എൽ എയും ഉൾപ്പെടെയുള്ളവരാണ് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം അറിയിക്കുന്നത്.
ഞായറാഴ്ച ഫിൻലാൻഡിലെ ടംപെറിൽ സമാപിച്ച ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് എൺപത്തിയൊന്നുകാരനായ മുൻ എം എൽ എയുടെ നേട്ടം. 80 മീറ്റർ, 200 മീറ്റർ ഹർഡിൽസില് മത്സരത്തിൽ വെങ്കല മെഡലുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
“ഇതാദ്യമായാണ് ഞാൻ ഒരു വ്യക്തിഗത ഇനത്തിൽ ലോക ഇവന്റിൽ മെഡൽ നേടുന്നത്. അതൊരു വലിയ നേട്ടമാണോ എന്നറിയില്ല. എന്നാൽ തീർച്ചയായും ഇത് തൃപ്തികരമാണ്,” വിജയത്തിനു ശേഷം ജേക്കബ് ഫിൻലൻഡിൽനിന്ന് ഇന്ത്യൻ എക്പ്രസിനോട് പറഞ്ഞു.
നേരത്തെ ഫ്രാൻസ് (2015), ഓസ്ട്രേലിയ (2016), സ്പെയിൻ (2018) എന്നിവിടങ്ങളിൽ മത്സരിച്ച ജേക്കബിന്റെ നാലാമത്തെ ലോക മാസ്റ്റേഴ്സ് ചാംപ്യൻഷിപ് ആയിരുന്നു ഇത്. ജപ്പാൻ (2014), സിംഗപ്പൂർ (2016), ചൈന (2017), മലേഷ്യ (2012) എന്നിവിടങ്ങളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
മന്ത്രി വി ശിവൻകുട്ടി, കെ.ടി ജലീൽ എംഎൽഎ, പി.വി ശ്രീനിജൻ എംഎൽഎ തുടങ്ങിയവർ എം.ജെ ജേക്കബിനെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. “സഖാവെ…വയസ് വെറും നമ്പർ മാത്രമാണെന്ന് എല്ലാവരും പറയാറുണ്ട്. അങ്ങത് തെളിയിച്ചു. സ. എം ജെ നമ്മുടെ അഭിമാനം..” എന്നാണ് വി. ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.
മെഡൽ നേട്ടത്തിൽ എം.ജെ ജേക്കബിനെ അഭിനന്ദിച്ച കെ.ടി ജലീൽ താൻ ആദ്യമായി നിയമസഭയിലേക്ക് ചെന്ന ഘട്ടത്തിൽ എം എൽ എ ഹോസ്റ്റലിൽ തന്റെ അയൽ ഫ്ലാറ്റിലാണ് അദ്ദേഹം താമസിച്ചിരുന്നതെന്ന് ഓർത്തു.
“1963 ൽ കേരളത്തിലെ ഏക സർവകലാശാലയായ കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡിൽസിൽ റെക്കോർഡ് വിജയത്തോടെ ഒന്നാം സ്ഥാനം നേടിയ എം ജെ ജേക്കബ്, സീനിയർ സിറ്റിസൺസിനായുള്ള ഏഷ്യൻ മീറ്റിലും ലോക മീറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡ് രണ്ടു തവണ തിരുമാറാടി പഞ്ചായത്തിന് നേടിക്കൊടുത്ത പ്രസിഡണ്ടുകൂടിയാണ് അദ്ദേഹം. എം എൽ എ എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ച എം എ, എൽ എൽ ബി ബിരുദധാരിയായ എം ജെ ജേക്കബ് എപ്പോഴും പ്രകടിപ്പിക്കുന്ന കർമ്മോത്സുകതയും ആവേശവും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വിനയാന്വിത പെരുമാറ്റം കൊണ്ട് ഏവരെയും ആകർഷിച്ച അദ്ദേഹം തൻ്റെ ജനകീയതയുടെ പിൻബലത്തിലാണ് വലതുപക്ഷ കോട്ടയായ പിറവത്ത് നിന്ന് 2006 ൽ സി പി എം സ്ഥാനാർത്ഥിയായി ജയിച്ച് നിയമസഭയിലെത്തിയത്. കേരള നിയമസഭയുടെ ചരിത്രത്തിൽ എം ജെ ജേക്കബിനെ പോലെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ സ്വന്തമാക്കി രാജ്യത്തിൻ്റെ അഭിമാനമായ ഒരംഗം വേറെ ഉണ്ടായിട്ടില്ല. സ്നേഹത്തിൻ്റെ നിറകുടമായി എപ്പോഴും മുഖത്ത് പുഞ്ചിരി വിടർത്തി, കാണുന്നവരിലെല്ലാം മതിപ്പുളവാക്കി ഊർജസ്വലതയോടെ മുന്നോട്ടു കുതിക്കുന്ന മുൻ എം എൽ എ എം ജെ ജേക്കബിന് അഭിവാദ്യത്തിൻ്റെ സ്നേഹപ്പൂക്കൾ,” അദ്ദേഹം കുറിച്ചു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എം ജെ ജേക്കബിനു ഫെയ്സ്ബുക്കിൽ ആശംസ അറിയിച്ചു.