‘ദാ’ എന്നു പറയുമ്പോഴേക്കും കയറിയങ്ങ് ഹിറ്റാവുകയായിരുന്നു കാർത്തിക് ശങ്കർ എന്ന ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലും. ലോക്ക് ഡൗണ്‍ കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട യുട്യൂബ് ചാനലുകളിലൊന്ന് കാര്‍ത്തിക് ശങ്കറിന്റേതായിരുന്നു. ഒരു കോടിക്കടുത്താണ് കാർത്തിക്കിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവരുടെ എണ്ണം. ഓരോ എപ്പിസോഡുകൾ കാണുന്നത് ലക്ഷക്കണക്കിന് ആളുകളും.
കാർത്തിക്കിന്റ ‘ദൃഷ്ടി’ എന്ന ഷോട്ട് ഫിലിമിന്റെ രണ്ടാമത്തെ എപ്പിസോഡും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. കാർത്തിക്കിന്റേയും അന്നയുടേയും ‘ഒളിച്ചോട്ട’ത്തിന് ശേഷം വരുന്ന രണ്ടാമത്തെ ഭാഗമാണ് ‘ദൃഷ്ടി’. അന്നയുടെ വ്ലോഗും, കാർത്തിക്കിന്റെ ജോലിക്കായുള്ള അന്വേഷണവുമെല്ലാം കൂട്ടിച്ചേർത്ത് രസകരമായാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്.
രാവിലെ വ്ലോഗെടുക്കാൻ റെഡിയായിരിക്കുന്ന അന്ന. മുടിവളരാനുള്ള ഉത്പന്നത്തെ കുറിച്ചാണ് അന്നയുടെ പുതിയ വ്ലോഗ്, എന്നാൽ അതിന് തൊട്ടുമുൻപ് പോലും മുഴികൊഴിച്ചിലിനെ കുറിച്ചാണ് അന്ന പരാതി പറയുന്നത്.
വിവാഹം കഴിഞ്ഞിട്ടും ജോലിയില്ലാതെ വിഷമിച്ച് നടക്കുന്ന തനിക്ക് കൂട്ടുകാരൻ ജോലി ശരിപ്പെടുത്തി തരാമെന്നേറ്റിട്ടും ശരിയാകുന്നില്ല. തനിക്ക് ദൃഷ്ടി ദോഷമാണെന്ന് കാർത്തിക് ഉറപ്പിക്കുന്നു. എന്നാൽ ഇതെല്ലാം കാർത്തിക്കിന്റെ അന്ധവിശ്വാസമാണെന്ന് അന്ന പരിഹസിക്കുന്നു. ഒടുവിൽ അന്നയുടെ പരിഹാസം വകവയ്ക്കാതെ ഉപ്പും മുളകും കടുകും ഉഴിഞ്ഞ് അടുപ്പിലിടാൻ പോകുന്ന കാർത്തിക്.
Read More: നിങ്ങളെന്തൊരു അച്ഛനാണ്!; വാർപ്പ് മാതൃകകളെ പൊളിച്ച് ‘കരിക്കി’ന്റെ പുതിയ എപ്പിസോഡ്
അതിനിടെ എന്തോ പറയാൻ വരുന്ന അന്നയെ കാർത്തിക് തടയുന്നു. വിശ്വാസമില്ലാത്തവർ ഇതിലൊന്നും ഇടപെടേണ്ട എന്നു പറഞ്ഞാണ് കാർത്തിക് അന്നയെ തടയുന്നത്. എല്ലാം ഉഴിഞ്ഞ് അടുപ്പിലിടാൻ നേരമാണ് വീട്ടിൽ അടുപ്പില്ലെന്ന വേദനിപ്പിക്കുന്ന സത്യം കഥാനായകൻ മനസിലാക്കുന്നത്. എങ്കിൽ പുറത്ത് കരിയില കൂട്ടി കത്തിക്കാം എന്ന് വിചാരിച്ച് എല്ലാം സെറ്റായപ്പോൾ ദേ വരുന്നു മുട്ടൻ മഴ.
ഒടുവിൽ ദൃഷ്ടിയും കൈയ്യിൽ പിടിച്ചുള്ള നായകന്റെ ഇരിപ്പു കണ്ടാൽ ആരായാലും ചിരിച്ചു പോകും. അവസാനം ജോലി സെറ്റാക്കി കൂട്ടുകാരൻ വരുമ്പോൾ ദൃഷ്ടി കൈയ്യിൽ പിടിച്ച് സംസാരിക്കാനാകാത്ത അവസ്ഥയിലാണ് കാർത്തിക്. അവിടെ പ്രയോഗിക്കുന്ന മറ്റൊരു ബുദ്ധി ചീറ്റിപ്പോകുകയും, ജോലി നഷ്ടമാകുകയും ചെയ്യുന്നു.
ഒടുവിൽ ദൃഷ്ടിദോഷം മാറ്റാനുള്ള വഴി കണ്ടു പിടിക്കുന്നു. അയൽവാസിക്ക് പണികൊടുത്താണ് നായകൻ തന്റെ ദൃഷ്ടിദോഷം മാറ്റുന്നത്.
വളരെ സ്വാഭാവികമായ കഥാസന്ദർഭങ്ങളും അഭിനയവും തന്നെയാണ് പതിവുപോലെ കാർത്തിക്കിന്റെ ദൃഷ്ടി എന്ന എപ്പിസോഡിന്റേയും പ്രത്യേകത. ഒരാഴ്ചയ്ക്കിടെ പത്ത് ലക്ഷത്തിൽ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.