മലപ്പുറത്ത് വിവാഹത്തിന് എത്തിയ വിദ്യാർഥിനികൾക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം ഉണ്ടായതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച പുകയുന്നു. മലപ്പുറം വേങ്ങരയിൽ കിളിനാക്കോട് വിവാഹത്തിന് എത്തിയ പെൺകുട്ടികൾ ആ നാടിനെ കുറിച്ചുള്ള തങ്ങളുടെ അനുഭവം തമാശ രൂപേണ പ്രകടിപ്പിച്ചതിന്റെ വീഡിയോ വൈറൽ ആയതാണ് സംഭവം. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികളാണ് വീഡിയോയിലുളളത്.

ഞങ്ങൾ ഇപ്പോൾ കിളിനാക്കോട് എന്ന സ്ഥലത്ത് ഒരു സുഹൃത്തിന്റെ കല്യാണത്തിന് വേണ്ടി വന്നത് ആണ്. ഇത്രയും ദയനീയം ആയിട്ടുള്ള ഒരു സ്ഥലം ഞങ്ങൾ കണ്ടിട്ടില്ല, ഇവിടെ വന്നതിന്റെ പേരിൽ ഒരുപാട് പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒട്ടും നേരം വെളുക്കാത്ത കൾച്ചർ ഫെല്ലോസ് മാത്രമുള്ള ഒരു നാട് ആണിത്, 12 ആം നൂറ്റാണ്ടിലോ മറ്റോ ആണ് ഈ നാട്ടിലെ ആളുകൾ ജീവിക്കുന്നത് എന്ന് തോന്നുന്നു. ഇവിടെ വരുന്നവര്‍ വെളിച്ചം കിട്ടാനായി ഒരു എമര്‍ജന്‍സി കൊണ്ടു വരണം,’ എന്നും പെണ്‍കുട്ടികള്‍ പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ ചിലര്‍ പെണ്‍കുട്ടികള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ തെറിവിളികളുമായി എത്തി. അധിക്ഷേപപരമായ പരാമര്‍ശത്തിലൂടെയാണ് പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.

മേശമായ പ്രവൃത്തിക്കാണ് പെണ്‍കുട്ടികള്‍ കിളിനക്കോട് എത്തിയതെന്നാണ് ചിലര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. പെണ്‍കുട്ടികളുടെ സംസ്കാരമില്ലായ്മ അനുവദിച്ച് കൊടുക്കാത്തത് കൊണ്ടാണ് അവര്‍ വിമര്‍ശിക്കുന്നതെന്നും ഇവര്‍ പറഞ്ഞ് പരത്തി. എന്നാല്‍ കപട സദാചാര വാദികള്‍ക്കെതിരേയും പെണ്‍കുട്ടികളെ പിന്തുണച്ചും പലരും രംഗത്തെത്തി. ‘കിളിനക്കോടിന്റെ പേര് മോശമാക്കുന്നത് എതിര്‍വാദം നടത്തി അധിക്ഷേപം നടത്തുന്നവരാണെന്ന വാദമുയര്‍ന്നു, ‘കിളി പോയവരാണ് കിളിനക്കോട്ടുകാര്‍’ എന്ന് വരുത്തി തീര്‍ക്കുകയാണ് അധിക്ഷേപ പ്രചരണം നടത്തുന്നവരെന്ന് അഭിപ്രായം ഉയര്‍ന്നു.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതും വാഹനത്തില്‍ കയറുന്നതും കണ്ട് ഹാലിളകിയ നാട്ടുകാരില്‍ ചിലര്‍ ഇടപെട്ടതാണ് പ്രശ്നത്തിന് കാരണമായതെന്നാണ് വിവരം. പെണ്‍കുട്ടികളോട് ആണ്‍കുട്ടികളുടെ കൂടെ പോകേണ്ടെന്ന് താക്കീത് ചെയ്ത ഇവര്‍ വിദ്യാര്‍ത്ഥിനികളോട് നടന്ന് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കിളിനക്കോട്ടുകാരെ കളിയാക്കി പെണ്‍കുട്ടികള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം കനത്തതോടെ കുട്ടികൾ വേങ്ങര പോലീസ് സ്റ്റേഷനിൽ എത്തി തങ്ങളെ അധിക്ഷേപിച്ചവർക്ക് നേരെ പരാതി നൽകുകയായിരുന്നു. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ക്കെതിരായ അധിക്ഷേപ പ്രചരണം തുടരുകയാണ്. സംഭവത്തിൽ വിവാഹ ചടങ്ങിനിടെ പെൺകുട്ടികളെ അപമാനിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരേയും വേങ്ങര പൊലീസ് കേസെടുക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ