കലക്‌ടർ ബ്രോയെന്നു തന്നെ വിളിക്കരുതെന്ന കോഴിക്കോട് കലക്‌ടർ യു.വി.ജോസിന്റെ അഭ്യർഥനയ്‌ക്ക് എൻ.പ്രശാന്തിന്റെ മറുപടി. ജില്ലയുടെ പുതിയ കലക്‌ടറായി ചുമതലയേറ്റ ജോസ് തന്നെ കലക്‌ടർ ബ്രോയെന്ന് വിളിക്കേണ്ടെന്നും ജോസേട്ടാ എന്ന് വിളിക്കാമെന്നും പറഞ്ഞ് ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റിനാണ് കോഴിക്കോടുകാരുടെ പ്രിയപ്പെട്ട കലക്ടർ ബ്രോ മറുപടി നൽകിയത്.

“ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെയൊപ്പമുണ്ടാകുമെന്നും നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാൻ പോകൂ…” എന്നുമാണ് യു.വി.ജോസ് ഫെയ്‌സ്ബുക്കിൽ പറഞ്ഞത്. ഈ പോസ്റ്റിനു താഴെയാണ് കോഴിക്കോടുകാരുടെ പ്രിയപ്പെട്ട കലക്‌ടർ ബ്രോ കമന്റ് ചെയ്‌തത്. “അദ്ദാണ്‌! പ്രിയപ്പെട്ട കോയ്ക്കോട്ട്കാരേ… ഇങ്ങള്‌ ഫുൾ സപ്പോർട്ട്‌ കൊടുത്തോളീ.. ഞമ്മള്‌ ദൂരെ നിന്ന് കണ്ട്‌ ഹാപ്പി ആവട്ടേന്ന്.. ” എന്നാണ് കലക്‌ടർ ബ്രോ കോഴിക്കോടുകാരോട് പറഞ്ഞത്.

കലക്ടർ ബ്രോയെന്ന പേര് പ്രശാന്തിന് മാത്രം കൊടുക്കാൻ പുതിയ കലക്ടർ ആവശ്യപ്പെട്ടിരുന്നു. നല്ലതാണേൽ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേൽ വലിച്ച് കീറി തേച്ചൊടിക്കും എന്ന ഫെയ്സ്ബുക്ക് പേജിലെ കമന്റിനും പുതിയ കലക്ടർ ഫെയ്‌സ്ബുക്കിലൂടെ മറുപടി നൽകിയിരുന്നു. ഇതൊരു ഭയങ്കര വെല്ലുവിളിയാണെന്നും സന്തോഷത്തോടെ അത് സ്വീകരിക്കുന്നുവെന്നുമാണ് കലക്ടറുടെ മറുപടി.

മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കലക്‌ടർ സ്ഥാനത്ത് നിന്നു എൻ.പ്രശാന്തിനെ മാറ്റി പകരം യു.വി.ജോസിനെ നിയമിച്ചത്.

Read More: കലക്ടർ ബ്രോ വേണ്ടാ, ജോസേട്ടായെന്നു വിളിച്ചോളൂ; അഭ്യർഥനയുമായി കോഴിക്കോട് കലക്ടർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ