ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ വലിയ അപകടങ്ങളില്‍ നിന്ന് ജീവന്‍ രക്ഷപ്പെട്ട് തിരിച്ചുവന്നവര്‍ നിരവധിയാണ്. അത്തരത്തിലൊരു സംഭവം അടുത്തിടെ അമേരിക്കയിലും സംഭവിച്ചു. ട്രെയിനില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് നടക്കവെയാണ് സ്റ്റേഷനിലെ സീലിങ് പാനല്‍ യുവതിക്ക് മുന്നില്‍ പതിച്ചത്. ഒരു ചുവടുകൂടി വച്ചിരുന്നെങ്കില്‍ ഒരുപക്ഷെ യുവതിയുടെ ജീവന്‍ പോലും നഷ്ടമായേനെ.
അന്താരാഷ്ട്ര മാധ്യമമായ ബിബിസിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 1980-കളിൽ മസാചുസെറ്റ്‌സിലെ കേംബ്രിഡ്ജിലെ സബ്‌വേ സ്റ്റേഷനിൽ സ്ഥാപിച്ച പാനലിന് 11 കിലോഗ്രാം ഭാരമുണ്ടെന്നാണ് വീഡിയോയിൽ പറയുന്നത്.
സുരക്ഷാ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന മറ്റ് പാനലുകൾ നീക്കം ചെയ്തതായി മസാചുസെറ്റ്‌സ് ഗതാഗത വകുപ്പ് അറിയിച്ചു. എല്ലാ സ്റ്റേഷനുകളിലും വിശദമായ പരിശോധന നടത്തുമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.