സമൂഹത്തിലെ എല്ലാവരേയും ഉൾക്കൊളളുന്ന തരത്തിലുളള കൊക്കകോളയുടെ പുതിയ പരസ്യം ശ്രദ്ധേയമാകുന്നു. വീട്ടിലെ പൂൾ വൃത്തിയാക്കുന്ന ദൃഢഗാത്രനായ യുവാവിനായി കോള നൽകാൻ മത്സരിക്കുന്ന രണ്ട് സഹോദരങ്ങളെയാണ് പരസ്യത്തിലൂടെ കാണിക്കുന്നത്. പൂൾ ബോയ് എന്നു പേരിട്ടിരിക്കുന്ന പരസ്യ ചിത്രം എൽജിബിടി (ലെസ്‌ബിയൻ, ഗേ, ബൈ‌സെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ) സമൂഹത്തിനുളള പിന്തുണ കൂടിയാണ്.

സ്വവർഗ പ്രേമികൾ ഉൾപ്പെടെയുളളവരും സമൂഹത്തിന്റെ ഭാഗമാണെന്നും ഇവരും സമൂഹത്തിൽ തുല്യ സ്ഥാനം അർഹിക്കുന്നുവെന്നും കാണിക്കുന്നതാണ് പരസ്യ ചിത്രം. വലിയ ഒരു വീട്ടിലെ പൂൾ യുവാവ് വൃത്തിയാക്കുന്നത് കണ്ട സഹോദരങ്ങളായ പെൺകുട്ടിയും ആൺകുട്ടിയും മത്സരിച്ച് ഓടുന്നു. യുവാവിന്റെ ദാഹമകറ്റാനായി കോക്ക് നൽകി തങ്ങളുടെ ഇഷ്‌ടം പ്രകടിപ്പിക്കാൻ ഇരുവരും നടത്തുന്ന മത്സരമാണ് പരസ്യത്തിന്റെ പ്രമേയം.

എന്നാൽ ഇരുവരേയും ഞെട്ടിച്ച് അവരുടെ അമ്മ തന്നെ യുവാവിനുളള​ കോക്ക് നൽകുന്നതാണ് അവസാനം കാണുന്നത്. കോളയുടെ ടേസ്റ്റ് ദി ഫീലിങ്ങ് ക്യാംപെയ്‌ന്റെ ഭാഗമായാണ് പരസ്യം ഇറക്കിയിരിക്കുന്നത്. ആദ്യമായല്ല കൊക്കകോളയുടെ പരസ്യത്തിൽ വൈവിധ്യം പ്രമേയമാകുന്നത്. മുൻപ് അമേരിക്ക ദി ബ്യൂട്ടിഫുൾ എന്ന പേരിലിറങ്ങിയ പരസ്യ ചിത്രം അമേരിക്കയിലെ വിവിധ ഭാഷകളും ജനങ്ങളുമാണ് രാജ്യത്തെ സുന്ദരമാക്കുന്നത് എന്ന സന്ദേശത്തിലൂടെ ശ്രദ്ധേയമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ