വയനാട്: കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുക എന്നൊരു പ്രയോഗം നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഈ സംഭവം അതിലും ഇത്തിരി അതിശയോക്തി തോന്നിക്കുന്നതാണ്. മുട്ട കട്ടെടുത്ത് അകത്താക്കിയ മൂര്‍ഖനെ കൊണ്ട് തന്നെ മുഴുവന്‍ മുട്ടകളും തുപ്പിക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. ഒന്നും രണ്ടുമല്ല, എട്ട് മുട്ടകളാണ് മൂര്‍ഖന്‍ വിഴുങ്ങിയത്. ഇതില്‍ ഏഴെണ്ണമാണ് പിന്നീട് തുപ്പിയത്.
വയനാട്ടിലാണ് സംഭവം. മാനന്തവാടി തലപ്പുഴ കാപ്പാട്ടുമല കുറ്റിവാള്‍ ഗിരീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് മൂര്‍ഖന്‍ കയറിയത്. കോഴിക്കൂട്ടില്‍ അടയിരുന്ന കോഴിയെ വകവരുത്തുകയും വിരിയാറായ ഏഴ് മുട്ടകള്‍ മൂര്‍ഖന്‍ അകത്താക്കുകയും ചെയ്തിരുന്നു. കൂടിനുള്ളില്‍ പാമ്പിനെ കണ്ട വീട്ടുടമ വയനാട്ടിലെ പാമ്പുപിടുത്ത വിദഗ്ധനായ സുജിത് വിപിയെ വിളിച്ചു.
സുജിത് വീട്ടിലെത്തുമ്പോള്‍ മുട്ടകള്‍ വിഴുങ്ങിയ പാമ്പ് കോഴിക്കൂടിന്റെ മുകളില്‍ ഉറക്കത്തിലായിരുന്നു. പാമ്പിനെ കൂട്ടിൽനിന്ന് പുറത്തെടുത്തു. നിലത്ത് കിടന്ന പാമ്പ് വിഴുങ്ങിയ മുട്ടകള്‍ ഓരോന്നായി പുറത്തേക്ക് ഛര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഒന്നുമറിയാത്തപോലെ തിരിഞ്ഞ് സമീപത്തുള്ള കുറ്റിക്കാട്ടിലേക്കും പോയെങ്കിലും പാമ്പിനെ പിടികൂടി ചാക്കില്‍ കെട്ടി സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഭക്ഷിച്ച സാധനം പാമ്പ് പുറംതളളുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ സ്ഥലത്ത് നിന്നും ബുദ്ധിമുട്ടില്ലാതെ വേഗത്തില്‍ ഇഴയാനാണ് പാമ്പ് മുട്ടകള്‍ ചര്‍ദ്ദിച്ചത്.
വയനാട് ബേഗൂര്‍ ഫോറസ്റ്റ് റെയ്ഞ്ചിലാണ് സുജിത്ത് ജോലി ചെയ്യുന്നത്. ഇത്തരത്തിലുളള അവസരങ്ങളില്‍ പാമ്പിന് പരുക്കേല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.