scorecardresearch
Latest News

‘വിവാദങ്ങൾ എട്ട് കോളത്തിൽ കൊടുക്കും’; മാധ്യമങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരിഹാസം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എന്തെങ്കിലും നിസാരമായ ഒരു പ്രശ്നം, വിവാദമാക്കാനുള്ള അവസരമാണ് കിട്ടിയതെങ്കിൽ, എന്തൊരു സന്തോഷത്തോടെയായിരിക്കും ആ വാർത്തയെ എട്ട് കോളത്തിൽ വിന്യസിക്കുന്നത്

‘വിവാദങ്ങൾ എട്ട് കോളത്തിൽ കൊടുക്കും’; മാധ്യമങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരിഹാസം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മാധ്യമങ്ങൾ നാടിന്റെ നല്ല വശങ്ങൾ കാണുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചെറിയ പ്രശ്നങ്ങൾ പോലും പെരുപ്പിച്ച് കാണിച്ച് വിവാദമുണ്ടാക്കുന്നതിൽ വലിയ താത്പര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശനിയാഴ്ച ദുബായിൽ നടന്ന എൻആർകെ എമേർജിങ് എന്റർപ്രണേഴ്സ് മീറ്റിൽ(നീം) സംസാരിക്കവെയാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വലിയ കയ്യടിയോടെയാണു സോഷ്യൽ മീഡിയ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഏറ്റെടുത്തിരിക്കുന്നത്.

“കഴിഞ്ഞൊരു ദിവസം ഡൽഹിയിലുള്ള​ സമയത്താണു നീതി ആയോഗ് കേരളത്തിനു വിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാനം ചാർത്തിയ വാർത്ത പുറത്തുവരുന്നത്. ഈ വാർത്ത ചാനലുകളിലെങ്ങനെ വന്നുവെന്ന് എനിക്കറിയില്ല. യാത്രയിലായിരുന്നതിനാൽ ടി.വി കണ്ടില്ല. ഡൽഹിയിലിറങ്ങുന്ന പത്രങ്ങളിൽ ഒരു ഇംഗ്ലീഷ് പത്രം, ‘ദി ഹിന്ദു’ ഫ്രണ്ട് പേജിൽ ഏറ്റവും പ്രധാന വാർത്തയായി അതു കൊടുത്തിരിക്കുന്നു. നമ്മുടെ മലയാള പത്രങ്ങളിൽ ഒന്നാമത് നിൽക്കുന്നെന്നു പറയുന്നവരും രണ്ടാമതു നിൽക്കുന്നെന്നു പറയുന്നവരും ഡൽഹിയിൽ പത്രം വിതരണം ചെയ്യുന്നുണ്ട്. ആ രണ്ടിലും വാർത്ത പരതിയാലെ കാണൂ. ഒന്നാം പേജിൽ എവിടേയും ഇല്ല. ഒരു അപ്രസക്തമായ പേജിൽ ഉള്ളിൽ ഏതോ ഒരു മൂലയിൽ. കൊടുത്തില്ലേ എന്ന് ചോദിച്ചാൽ കൊടുത്തു എന്ന് പറയാം.”

“നാടിന്റെ പോസിറ്റീവായ വശം ഉയർത്തിക്കാണിക്കാൻ എന്തോ ഒരു മടി. അതേസമയം എന്തെങ്കിലും നിസാരമായ ഒരു പ്രശ്നം, വിവാദമാക്കാനുള്ള അവസരമാണു കിട്ടിയതെങ്കിൽ, എന്തൊരു സന്തോഷത്തോടെയായിരിക്കും ആ വാർത്തയെ എട്ടു കോളത്തിൽ വിന്യസിക്കുന്നത്. ഈയൊരു പ്രവണത നമ്മുടെ മാധ്യമലോകം തിരിച്ചറിയേണ്ടതായിട്ടുണ്ട്. നാടിനെ നല്ല രീതിയിൽ മുന്നോട്ടു നയിക്കേണ്ടതിൽ നല്ല പങ്ക് വഹിക്കേണ്ടവരാണു മാധ്യമങ്ങൾ. അതിൽനിന്നു വ്യത്യസ്തമായി പോകുമ്പോൾ അതു തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ വരുത്താൻ മാധ്യമങ്ങൾ തയ്യാറാകണം, ” മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന സംരംഭകരുടെ യോഗത്തിൽ മൊത്തം പതിനായിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന് ലഭിച്ചത്. ഡിപി വേൾഡ് 3500 കോടി, ആർപി ഗ്രൂപ്പ് 1000 കോടി, ലുലു ഗ്രൂപ്പ് 1500 കോടി , ആസ്റ്റർ 500 കോടി, മറ്റു ചെറുകിട സംരംഭകർ 3500 കോടി എന്നിങ്ങനെയാണ് വാഗ്ദാനം. ഇതുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചത്.

Read More: സ്കൂൾ വിദ്യാഭ്യാസ സൂചികയിൽ രാജ്യത്ത് കേരളം ഒന്നാമത്

സെപ്റ്റംബർ 30നാണു നീതി ആയോഗ് പട്ടിക പുറത്തിറക്കുന്നത്. ഇതാദ്യമായാണ് നീതി ആയോഗ് സ്കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് (SEQI) തയാറാക്കി രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന നടത്തുന്നത്. അതാതു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ രംഗത്തിന്റെ കരുത്തും ദൗർബല്യവും മനസിലാക്കുന്നതിനാണിത്. 30 മാനദണ്ഡങ്ങൾ മുൻനിർത്തിയാണു പട്ടിക തയാറാക്കിയത്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനങ്ങളെ തിരിച്ചാണു പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പട്ടിക പ്രകാരം ഇന്ത്യയിലെ സ്കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമതാണ്. എല്ലാ മേഖലയിലും സ്കൂൾ വിദ്യാഭ്യാസ നിലവാരം പരിശോധിച്ച് തയാറാക്കിയ പട്ടികയിലാണു കേരളം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഉത്തര്‍പ്രദേശാണ് സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ഏറ്റവും പിന്നിൽ.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Cm pinarayi vijayan criticizes media