ഇഷ്ടമുള്ളത് ചെയ്യുന്നതിന് വയസൊരു തടസമല്ല. ചട്ടയും മുണ്ടുമൊക്കെയുടുത്ത് പഴയ മലയാളം ഗാനങ്ങള്‍ക്ക് ചുവടുവയ്ക്കുന്ന ഒരു കൂട്ടം മുത്തശിമാരാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളായിരിക്കുന്നത്. ചട്ടയും മുണ്ടും മാത്രമല്ല, കൂളിങ് ഗ്ലാസും, സ്വര്‍ണ വളയുമെല്ലാമണിഞ്ഞ് വേദിയില്‍ ആറാടുക തന്നെയായിരുന്നു. കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സിഡിഎസ്) മരടില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.
1954-ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ എന്ന ചിത്രത്തിലെ എല്ലാരും ചൊല്ലണ് എന്ന ഗാനത്തിനാണ് ചുവടുവച്ചിരിക്കുന്നത്. എല്ലാരും ചൊല്ലണില്‍ തുടങ്ങി അജഗജാന്തരത്തിലെ ഉള്ളുള്ളേരുവില്‍ എത്തുമ്പോഴും ഒരാള്‍ക്ക് പോലും ആവേശം ചോരുന്നില്ല.
തുല്യതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍ അനില സന്തോഷ് വ്യക്തമാക്കി. കുട്ടികളെ പോലെ മുതിര്‍ന്നവര്‍ക്കും ആനന്ദം കണ്ടെത്താനുള്ള അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യവും പരിപാടിക്ക് പിന്നിലുണ്ട്.
പരിപാടിയുടെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ താത്പര്യത്തോടെ എല്ലാവരും മുന്നോട്ട് വന്നെന്നും അനില കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ വാളണ്ടിയര്‍മാരാണ് മുത്തശിമാര്‍ക്ക് ഡാന്‍സ് കളിക്കാനുള്ള പിന്തുണയും പരിശീലനവും നല്‍കിയത്. നിരവധി ദിവസങ്ങള്‍ പരിശീലനത്തിനായി ചെലവഴിച്ചെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
പ്രായമായവരുടെ പാട്ടും ഡാന്‍സുമെല്ലാം നെറ്റിസണ്‍സിനിടയില്‍ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ തമിഴ്നാട്ടില്‍ ബസിനുള്ളില്‍ പ്രായമായൊരു സ്ത്രീയുടെ ഡാന്‍സ് വൈറലായിരുന്നു. എംജിആറിന്റെ പ്രശസ്ത ഗാനമായ നാന്‍ മാന്തോപ്പില്‍ നിന്‍ഡ്രിരുന്തേന്‍ എന്നാ ഗാനത്തിനായിരുന്നു സ്ത്രീ ചുവടുവച്ചത്.