കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സ് താരവും ഇന്ത്യന്‍ ദേശീയ താരവുമായ സികെ വിനീത്തിനു കേരളത്തിലെ രക്ഷിതാക്കളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ഫെയ്സ്ബുക്കിലൂടെയാണ് താരം ഈ അഭ്യര്‍ത്ഥന പങ്കുവെച്ചത്.

കേരളത്തിലെ രക്ഷിതാക്കളോടായി നടത്തുന്ന ഈ അഭ്യര്‍ത്ഥന. അണ്ടര്‍ 17 ലോകകപ്പില്‍ മലയാളികളുടെ അഭിമാനമായി മാറിയ രാഹുലിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. മക്കളുടെ ഇഷ്ടങ്ങള്‍ക്ക് വിലങ്ങുതടിയാവരുത് എന്ന് പറഞ്ഞുകൊണ്ടുള്ള ഈ സ്റ്റാറ്റസ് ഓരോരുത്തരും വായിച്ചിരിക്കേണ്ടതാതാണ്.

സ്റ്റാറ്റസിന്‍റെ പൂര്‍ണരൂപം :

അമേരിക്കയെ തടഞ്ഞു നിർത്താൻ നമുക്കാകുമോ…
ഇല്ലെന്നാകും ഉത്തരം. പക്ഷെ കെ.പി രാഹുലെന്ന തൃശൂർക്കാരൻ പയ്യനെ കണ്ട ശേഷം, അവന്റെ മത്സരം കണ്ട ശേഷം നമുക്ക് ഉത്തരം മാറ്റിപ്പറയാം. ഡൽഹിയിലെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് പോരാട്ടത്തിൽ അമേരിക്കൻ മുന്നേറ്റക്കാരെ രാഹുൽ വരച്ചവരയിൽ പ്രതിരോധിച്ച് നിർത്തിയത് കണ്ടപ്പോൾ മനസിലോർത്തത് “മാതൃഭൂമി”യിൽ എഴുതിയ അവന്റെ അച്ഛന്റെ തുറന്ന കത്തായിരുന്നു. മകന്റെ ഇഷ്ടം തിരിച്ചറിയാൻ വൈകിയ ഒരച്ഛന്റെ കുറ്റസമ്മതമായിരുന്നു അത്.
കഴിഞ്ഞ ദിവസം രാഹുലിന്റെ അച്ഛനുമായി സംസാരിച്ചു. മകന്റെ ഇഷ്ടത്തിന് വിലങ്ങിടാൻ ശ്രമിച്ച ഭൂതകാലത്തെ ഒരിക്കൽ കൂടി അദ്ദേഹം സങ്കടത്തോടെ ഓർത്തെടുത്തു. ശേഷം ഇളം നീലജഴ്‌സിയിൽ രാജ്യത്തിനായി ഇറങ്ങി മകൻ കാഴ്ചവെച്ച പോരാട്ട വീര്യത്തെ കുറിച്ച് അഭിമാനത്തോടെയും സംസാരിച്ചു. തനിക്കറിയാവുന്ന രക്ഷിതാക്കളോട് മക്കളെ അവരുടെ ഇഷ്ടത്തിന് വിടാൻ പറയുമെന്നൊരുറപ്പും അദ്ദേഹം നൽകി.
ഞാനും ഓർമിച്ചു, ഫുട്ബോളാണ് എന്റെ ജീവിതമെന്ന് എന്നോടൊപ്പം എന്റെ അച്ഛനുമമ്മയും തിരിച്ചറിഞ്ഞതുകൊണ്ടാണ് എനിക്കെന്തെങ്കിലും ആവാൻ കഴിഞ്ഞത്.
ഒരുപാട് രാഹുൽമാർ നമുക്കിടയിൽ സ്വാതന്ത്ര്യം തേടി കാത്തിരിപ്പുണ്ട്. രക്ഷിതാക്കൾ ആവശ്യപ്പെടുന്ന വൈറ്റ്കോളർ ജോലിയുടെ ബാധ്യതയുമായി…
അതുകൊണ്ട് എല്ലാ രക്ഷിതാക്കളോടുമായി അഭ്യർത്ഥിക്കുന്നു.
ചെറിയ ബാല്യത്തിൽ വലിയ സ്വപ്നങ്ങൾ കാണുന്ന കുഞ്ഞുങ്ങളെ ഒരിക്കലും നിങ്ങൾ വരയ്ക്കുന്ന അതിർത്തികളിൽ മാത്രമായി തളച്ചിടരുത്. അവരുടെ സ്വപ്നങ്ങൾ നിങ്ങളോട് പങ്കിടാനുള്ള ധൈര്യം പകരണം, അവരുടെ ലക്ഷ്യങ്ങൾ നേടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. അവർക്കൊപ്പം നിൽക്കണം, അവരുടെ ലക്ഷ്യങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾ ആകണം ,
അതെന്റെ മകനും മകളുമാണെന്ന് നാളെ നമുക്ക് അഭിമാനത്തോടെ പറയാം !!!!❤

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook