‘പ്രിയപ്പെട്ട അഭിമന്യൂ, നിന്റെ സ്‌മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വയ്‌ക്കുന്നു’; സി.കെ.വിനീത്

‘പ്രിയപ്പെട്ട അനിയാ..അന്നെനിക്ക് നിന്നെ കാണാനോ തിരിച്ചറിയാനോ കഴിഞ്ഞിരിക്കില്ല. എന്നാല്‍ ഇന്ന് എല്ലാ ആള്‍കൂട്ടത്തിലും ഞാന്‍ നിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുള്ള കണ്ണുകളും കാണുന്നുണ്ട്.’

കൊച്ചി: മഹാരാജാസ് കോളേജില്‍ വച്ച് എസ്എഫ്‌ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ.വിനീത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനീത് തന്റെ പ്രതികരണമറിയിച്ചത്.

‘കൊച്ചിയിലെ ഏതോ ആള്‍ കൂട്ടത്തിനിടയില്‍ ഒരിക്കല്‍ നീയും എന്നെ കാണാന്‍ വന്നിരുന്നു എന്ന് നിന്റെ സുഹൃത്ത് പറഞ്ഞ് അറിയുന്നത് ഇന്നാണ്. നീ മറ്റ് പലതിനേയും പോലെ കാല്‍പ്പന്ത് കളിയെ പ്രണയിച്ചിരുന്നുവെന്ന് അറിയാന്‍ ഞാന്‍ വൈകിപ്പോയി. പ്രിയപ്പെട്ട അനിയാ..അന്നെനിക്ക് നിന്നെ കാണാനോ തിരിച്ചറിയാനോ കഴിഞ്ഞിരിക്കില്ല. എന്നാല്‍ ഇന്ന് എല്ലാ ആള്‍കൂട്ടത്തിലും ഞാന്‍ നിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുള്ള കണ്ണുകളും കാണുന്നുണ്ട്.’ എന്നു പറഞ്ഞായിരുന്നു വിനീത് തന്റെ പോസ്റ്റ് ആരംഭിച്ചത്.

‘നിന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്താമെന്ന് വ്യാമോഹിച്ചവര്‍ ഇന്ന് നിരാശരായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. വറുതിയിലും വിശപ്പിലും തളരാതെ നിന്ന് നീ കണ്ട സ്വപ്നങ്ങളെ ഇന്ന് ഈ നാട് നെഞ്ചിലേറ്റുമെന്ന് അവര്‍ ചിന്തിച്ചു കാണില്ല. അവര്‍ക്കെല്ലാം മുകളില്‍ ഇരുട്ടിനെ കീറിമുറിക്കുന്ന ഒരു നക്ഷത്രമായ് നീ തിളങ്ങുകയാണല്ലോ ഇപ്പോള്‍. ആ കെടാനക്ഷത്രത്തെ ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു.’ എന്നും വിനീത് പോസ്റ്റില്‍ കുറിക്കുന്നു.

അഭിമന്യുവിന്റെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയിലുള്ള ചിത്രം സഹിതമായിരുന്നു വിനീതിന്റെ പോസ്റ്റ്. അഭിമന്യു ബ്ലാസ്റ്റേഴ്‌സിന്റേയും സി.കെ.വിനീതിന്റേയും കടുത്ത ആരാധകനായിരുന്നുവെന്നും വിനീതിനെ കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ചിലര്‍ കമന്റില്‍ പറയുന്നുണ്ട്.

‘വര്‍ഗീയത തുലയട്ടെ’ എന്ന് ചുമരിലെഴുതിയതിനാണ് നിന്റെ നെഞ്ചില്‍ കത്തികുത്തിയത് എങ്കില്‍ ആ മുദ്രാവാക്യങ്ങള്‍ ആഴ്ന്നിറങ്ങിയത് ചിന്തിക്കുന്ന, പ്രബുദ്ധരായ ഇവിടത്തെ ജനങ്ങളുടെ നെഞ്ചിലാണ്. നീതിമാനായ നിന്റെ ചോരക്കറ വറ്റുക വര്‍ഗീയത പറയുന്ന ഏതൊരു രാഷ്ട്രീയത്തേയും മതാന്ധതയേയും നമ്മള്‍ മാറ്റിനിര്‍ത്തും എന്ന പ്രതിജ്ഞയിലാണ്. പ്രിയപ്പെട്ട അഭിമന്യൂ, ഒരുപക്ഷെ ഒടുവിലായി നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളത്. നിന്റെ സ്മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നു. വര്‍ഗീയത തുലയട്ടെ, എന്നു പറഞ്ഞാണ് വിനീത് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വിനീതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അഭിമന്യു … കൊച്ചിയിലെ ഏതോ ആള്‍ കൂട്ടത്തിനിടയില്‍ ഒരിക്കല്‍ നീയും എന്നെ കാണാന്‍ വന്നിരുന്നു എന്ന് നിന്റെ സുഹൃത്ത് പറഞ്ഞ് അറിയുന്നത് ഇന്നാണ്. നീ മറ്റ് പലതിനേയും പോലെ കാല്‍പ്പന്ത് കളിയെ പ്രണയിച്ചിരുന്നുവെന്ന് അറിയാന്‍ ഞാന്‍ വൈകിപ്പോയി. പ്രിയപ്പെട്ട അനിയാ..അന്നെനിക്ക് നിന്നെ കാണാനോ തിരിച്ചറിയാനോ കഴിഞ്ഞിരിക്കില്ല. എന്നാല്‍ ഇന്ന് എല്ലാ ആള്‍കൂട്ടത്തിലും ഞാന്‍ നിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുള്ള കണ്ണുകളും കാണുന്നുണ്ട്. ഒപ്പം ആശയത്തെ ആയുധം കൊണ്ട് നേരിടുന്ന മത, വര്‍ഗീയ രാഷ്ട്രീയത്തില്‍ സന്ദേഹവുമുണ്ട്. നിന്നെ പോലെ ക്യാംപസിനെ പ്രണയിച്ചവനാണ് ഞാനും. പാട്ടും കളിയും യൂണിയന്‍ പ്രവര്‍ത്തനങ്ങളും സൗഹൃദങ്ങളും ഒക്കെയായ കലാലയ മുറ്റത്ത് വച്ചാണ് നിന്റെ ചിറകരിഞ്ഞു വീഴ്ത്താന്‍ അവര്‍ തയ്യാറായത് എന്ന് ഉള്‍ക്കൊള്ളാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.

നിന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്താമെന്ന് വ്യാമോഹിച്ചവര്‍ ഇന്ന് നിരാശരായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. വറുതിയിലും വിശപ്പിലും തളരാതെ നിന്ന് നീ കണ്ട സ്വപ്നങ്ങളെ ഇന്ന് ഈ നാട് നെഞ്ചിലേറ്റുമെന്ന് അവര്‍ ചിന്തിച്ചു കാണില്ല. അവര്‍ക്കെല്ലാം മുകളില്‍ ഇരുട്ടിനെ കീറിമുറിക്കുന്ന ഒരു നക്ഷത്രമായ് നീ തിളങ്ങുകയാണല്ലോ ഇപ്പോള്‍. ആ കെടാനക്ഷത്രത്തെ ഓര്‍ത്ത് ഞാന്‍ അഭിമാനംകൊള്ളുന്നു.

‘വര്‍ഗീയത തുലയട്ടെ’ എന്ന് ചുമരിലെഴുതിയതിനാണ് നിന്റെ നെഞ്ചില്‍ കത്തികുത്തിയത് എങ്കില്‍ ആ മുദ്രാവാക്യങ്ങള്‍ ആഴ്ന്നിറങ്ങിയത് ചിന്തിക്കുന്ന, പ്രബുദ്ധരായ ഇവിടത്തെ ജനങ്ങളുടെ നെഞ്ചിലാണ്. നീതിമാനായ നിന്റെ ചോരക്കറ വറ്റുക വര്‍ഗീയത പറയുന്ന ഏതൊരു രാഷ്ട്രീയത്തേയും മതാന്ധതയേയും നമ്മള്‍ മാറ്റിനിര്‍ത്തും എന്ന പ്രതിജ്ഞയിലാണ്. പ്രിയപ്പെട്ട അഭിമന്യൂ, ഒരുപക്ഷെ ഒടുവിലായി നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളത്. നിന്റെ സ്മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നു. വര്‍ഗീയത തുലയട്ടെ !

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ck vineeth facebook post on abhimanyu maharajas

Next Story
‘സെവാഗിന്റെ കരിയര്‍ തകര്‍ത്തത് ധോണി’; ആരാധകന്റെ വാക്കിനെ മറുപടിയുമായി വീരു
The moderation of comments is automated and not cleared manually by malayalam.indianexpress.com