/indian-express-malayalam/media/media_files/uploads/2019/07/saseendran-ddnEWC-K-Saseendran.jpg)
കൽപറ്റ: കല്‍പറ്റ എംഎല്‍എ സി.കെ.ശശീന്ദ്രന്‍ എന്നും സോഷ്യൽ മീഡിയയില്‍ പ്രിയങ്കരനാണ്. അദ്ദേഹത്തിന്റെ ലളിതമായ ജീവിതരീതിയാണ് കേരളീയര്‍ ഒന്നടങ്കം ഏറ്റെടുത്തത്. നഗ്‌നപാദനായി നടക്കുന്ന, പശുവിന്റെ പാൽ വിറ്റ് ജീവിക്കുന്ന ശശീന്ദ്രന്‍ വാര്‍ത്തകളില്‍ നിറയാറില്ല. പക്ഷേ, സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം എന്നും താരമാണ്.
മാധ്യമപ്രവര്‍ത്തകനായ ഷെഫീക് താമരശ്ശേരി പകര്‍ത്തിയ എംഎല്‍എയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 'കേരള നിയമ സഭയിലെ ഒരു എംഎൽഎ ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ വരുന്ന ചിത്രമാണിത്', എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൈയില്‍ തൂക്കിപ്പിടിച്ച അരിയുമായി അദ്ദേഹം വീട്ടിലേക്ക് കയറുന്നത് ചിത്രത്തില്‍ കാണാം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം സത്യപ്രതിജ്ഞ ചെയ്യാന്‍ ശശീന്ദ്രൻ തിരുവനന്തപുരത്തേക്ക് പോയത് ബസിലാണ്. അദ്ദേഹത്തിന്റെ മിക്ക യാത്രകളും ഓട്ടോയിലും ബസിലുമാണ്. എംഎല്‍എ ആയിട്ടും മാറ്റമില്ലാതെയുള്ള ജീവിതമാണ് ശശീന്ദ്രനെ കൂടുതല്‍ ജനകീയനാക്കുന്നത്.
കഴിഞ്ഞ നിമയസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധയും ജനശ്രദ്ധയും കിട്ടിയ മത്സരാര്‍ത്ഥിയായിരുന്നു കൽപറ്റയിലെ എല്‍ഡിഎഫ് സ്ഥാനാർഥി സി.കെ.ശശീന്ദ്രന്‍. ചെരുപ്പിടാതെ നടക്കുന്ന, പാല്‍വിറ്റ് ഉപജീവനം നടത്തുന്ന ഒരാള്‍ എന്ന വിശേഷണത്തോടെ കൃത്യമായൊരു ജനകീയ മുഖമായാണ് സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ ശശീന്ദ്രന്‍ പൊതുമധ്യത്തില്‍ അവതരിപ്പിക്കപ്പെട്ടത്. കൽപറ്റയിലെ അദ്ദേഹത്തിന്റെ മത്സരം സിറ്റിങ് എംഎല്‍എ ജെഡിയുവിന്റെ എം.വി.ശ്രേയാംസ് കുമാറിനോടായിരുന്നു. 13,000 ലേറെ വോട്ടുകള്‍ക്ക് ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തിയാണ് ശശീന്ദ്രന്‍ കൽപറ്റയില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചത്.
പ്രതീക്ഷിത വിജയം പോലെ കന്നിയങ്കത്തില്‍ ശശീന്ദ്രന്‍ നിയമസഭ സാമാജികനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് സി.കെ.ശശീന്ദ്രന്‍റെ വരുമാന മാർഗം. പൊതുപ്രവര്‍ത്തനം വെറും ‘സേവനം’ മാത്രവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.