പൗരത്വ ഭേദഗതി നിയമത്തിനെതിരായി വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികളാണ് സംസ്ഥാനത്ത് നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും അല്ലാതെയും ജില്ലകള്‍ തോറും പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്. തൃത്താലയുടെ പൗരപ്രതിഷേധത്തില്‍ അണിനിരന്ന കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എംഎല്‍എ വി.ടി.ബല്‍റാം എത്തിയിരുന്നു. പൗരപ്രതിഷേധത്തില്‍ പങ്കെടുത്ത ബല്‍റാം കലാകാരന്‍മാര്‍ക്കൊപ്പം പാട്ടുപാടി. “ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാൽ നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും..” എന്ന പാട്ടാണ് വി.ടി.ബൽറാം ആലപിച്ചത്.

തൃശൂരിൽ ഇന്ന് അഞ്ചിന് സംയുക്ത പ്രതിഷേധം നടക്കുന്നുണ്ട്. മറ്റ് ജില്ലകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. കൊച്ചിയിൽ നാളെയാണ് ലോങ് മാർച്ച് നടക്കുക. പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും വിയോജിപ്പ് രേഖപ്പെടുത്തിയാണ് ലോങ് മാര്‍ച്ച്. ഡിസംബര്‍ 23 ന് (തിങ്കളാഴ്‌ച) രണ്ട് മണിക്ക് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് ഷിപ്പ് യാര്‍ഡിലേക്കാണ് ലോങ് മാര്‍ച്ച്. സമൂഹമാധ്യമങ്ങളിലൂടെ ഇതിനായി ക്യാംപയിന്‍ ആരംഭിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read Also: പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ചിരുന്നാൽ ഒരു ചുക്കും സംഭവിക്കില്ല: വി.ഡി.സതീശന്‍

ഇതിനു പുറമേ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സാംസ്കാരിക പ്രവർത്തകരും വിദ്യാർത്ഥികളും ബഹുജനങ്ങളും “ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്” എന്ന പേരിൽ എറണാകുളം രാജേന്ദ്രമൈതാനിയിൽ നിന്നും ഫോർട്ടുകൊച്ചി വരെ തിങ്കളാഴ്ച പദയാത്ര നടത്തുന്നുണ്ട്. ഡിസംബർ 23 ന് മൂന്നു മണിക്ക് ആരംഭിക്കുന്ന യാത്ര ഫോർട്ടുകൊച്ചി വാസ്കോ സ്ക്വയറിൽ എത്തിച്ചേരുകയും അവിടെ വെച്ചു നടക്കുന്ന പൊതുപരിപാടിയിൽ “ഊരാളി”യ്ക്കും മറ്റു കലാസംഘങ്ങൾക്കുമൊപ്പം നമ്മൾ ആബാലവൃദ്ധം ജനങ്ങൾ അവരുടെ പാട്ടിനും മുദ്രാവാക്യത്തിനും നൃത്തത്തിനും അഭിനയത്തിനും ഒപ്പം ഒത്തുചേരുമെന്ന് കലക്ടീവ്​ ഫേസ് വൺ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook