മൊബൈല്‍ ഫോണ്‍ അശ്രദ്ധമായി ഉപയോഗിക്കുന്നതിനിടെയുണ്ടായ അപകടങ്ങള്‍ നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. ഇപ്പോഴിതാ ഡല്‍ഹി മെട്രോയില്നിന്നാണ് അത്തരമൊരു വാര്‍ത്ത. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലാണ് യാത്രക്കാരനെ രക്ഷിച്ചത്. മൊബൈല്‍ ഫോണില്‍ നോക്കി നടക്കുന്നതിനിടെ യാത്രക്കാരന് ട്രാക്കില്‍ വീഴുകയായിരുന്നു.
ഷഹ്ദാര മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. സംഭവത്തിന്റ വിഡിയോ സിഐഎസ്എഫ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കിട്ടു. ശൈലേന്ദര്‍ മെഹതയെന്ന യാത്രക്കാരനാണു ട്രാക്കില്‍ വീണത്. മൊബൈല്‍ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹം പ്ലാറ്റ്ഫോമില്‍നിന്ന് ട്രാക്കിലേക്കു വീഴുന്നതു വീഡിയോയില്‍ കാണാം.
എതിര്‍വശത്തെ പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഒരു നൊടിയിട പോലും പാഴാക്കാതെ സംഭവസ്ഥലത്തേക്കു കുതിക്കുകയും മെഹതയെ ട്രൊക്കില്നിന്നു കയറാന്‍ സഹായിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥനെ ഇടപെടലാണ് യുവാവിന്റെ ജീവന് രക്ഷിച്ചത്.
ഫെബ്രുവരി അഞ്ചിനു നടന്ന സംഭവത്തിന്റെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പാണു സുരക്ഷാ ഏജന്‍സി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ”ഡല്‍ഹി ഷഹ്ദാര മെട്രോ സ്റ്റേഷനിലെ ട്രാക്കില്‍ ശൈലേന്ദര്‍ മെഹത, എന്ന യാത്രക്കാരന് കാല് വഴുതി വീണു. സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഉടനടി ഇടപെടുകയും സഹായിക്കുകയും ചെയ്തു,” ട്വീറ്റില്‍ പറയുന്നു.
സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിക്കു സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹമാണ്. ഈ ക്ലിപ്പ് ഇതുവരെ പതിനയ്യായിരത്തിധികം തവണ കണ്ടു. അതേസമയം, ചിലര്‍ യാത്രക്കാരന് ഫോണ്‍ ഉപയോഗിക്കുന്നതിലെ അശ്രദ്ധ ചൂണ്ടിക്കാണിച്ചു.
”യഥാസമയുമുള്ള സഹായത്തെ അഭിനന്ദിക്കുന്നു. ആ വ്യക്തി മൊബൈല്‍ ഉപയോഗിക്കുകയും നടക്കുകയുമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. റെയില്‍വേ ട്രാക്കിനു സമീപം നടക്കുമ്പോള്‍ ദയവു ചെയ്ത് ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
”നന്നായി. നന്ദി. സാധാരണ പൗരന്മാരെ സഹായിക്കാന്‍ നമ്മുടെ സൈന്യം എപ്പോഴും ജാഗ്രത പുലര്‍ത്തുന്നു. അഭിനന്ദനാര്‍ഹമായ ജോലി,” മറ്റൊരാള്‍ കുറിച്ചു.
റെയില്‍വേ ട്രാക്കില്‍ വീണ യാത്രക്കാരെ സമാനമായ രീതിയില്‍ റെയില്‍വേ ജീവനക്കാര്‍ രക്ഷപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അതിനുമുമ്പ്, ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളിലൊന്നില്‍ കുഴഞ്ഞുവീണ ഒരാള്‍ക്ക് കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) നടപടിക്രമം നടത്തിയ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ വ്യാപക പ്രശംസ നേടിയിരുന്നു.
Also Read: അനായാസം അപകടങ്ങളില്ലാതെ; റോഷ്നി സ്റ്റൈല്‍ പാമ്പ് പിടുത്തം; വാവ സുരേഷ് ഇത് കാണണമെന്ന് നെറ്റിസണ്‍സ്