നവി മുംബൈ: കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളില്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരാണ് ചുഞ്ചു നായര്‍. സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു ജാതിപ്പേരുള്ള ഈ പൂച്ച. വളര്‍ത്തുപൂച്ചയുടെ ചരമ വാര്‍ഷിക ദിനത്തില്‍ ഉടമകള്‍ പത്രപ്പരസ്യം നല്‍കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമായിരുന്നു. എന്നാല്‍ ട്രോളുന്നതു പോലെ എളുപ്പമല്ല കാര്യങ്ങള്‍. ഈ ട്രോളുകള്‍ തങ്ങളെ ഏറെ വേദനിപ്പിച്ചെന്നാണ് ചുഞ്ചുവിന്റെ ഉടമകളായിരുന്ന മലയാളി കുടുംബം പ്രതികരിക്കുന്നത്. ചരമവാര്‍ഷിക വാര്‍ത്ത വന്ന ടൈംസ് ഓഫ് ഇന്ത്യയോട് തന്നെയാണ് ഇവരുടെ പ്രതികരണവും.
ഒരു പൂച്ചയ്ക്ക് ജാതിപ്പേര് നല്കി എന്നു പറഞ്ഞ് വളരെയേറെ ട്രോളുകളുകള് പ്രചരിച്ചിരുന്നു. എന്നാല്‍ ചുഞ്ചു തങ്ങള്‍ക്ക് വെറുമൊരു വളര്‍ത്തു പൂച്ചയായിരുന്നില്ല എന്നാണ് ഉടമസ്ഥര്‍ പറയുന്നത്
‘അവള് ഞങ്ങളുടെ റാണിയായിരുന്നു. മകളായിരുന്നു. കുടുംബത്തില്‍ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു. ഞങ്ങള്‍ക്ക് അവള് ഞങ്ങളുടെ ഇളയ മകളെ പോലെയാണ്. അതിനാലാണ് പേരിനൊപ്പം വംശനാമം നല്കിയതും. അവളും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആര്‍ക്കും മനസിലാവില്ല. സഹിക്കാവുന്നതിലേറെയാണ് ഈ നെഗറ്റീവ് ട്രോളുകള്‍. ജാതിയുമായി ആ പേരിന് യാതൊരു ബന്ധവും ഇല്ല,’ കുടുംബം വ്യക്തമാക്കി. കുടുംബത്തെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല.
Read More: ‘ചുഞ്ചു നായര്‍ എന്ന വന്മരം വീണു, പകരം ആര്?’; ട്രോളുകൾ
ഏതാണ്ട് 18 വര്‍ഷത്തോളം ചുഞ്ചു ഈ വീട്ടിലുണ്ടായിരുന്നു. വാര്‍ദ്ധക്യ കാലത്തായിരുന്നു മരണം.
‘ഇത്രയും നാളുകള്‍ സാധാരണ പൂച്ചകള്‍ ജീവിച്ചിരിക്കാറില്ല. വളരെയേറെ സ്നേഹിക്കപ്പെട്ട ചുറ്റുപാടിലായതിനാലാണ് പൂച്ച ഇത്രകാലം ജീവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നല്ല വൃത്തി ഉണ്ടായിരുന്ന പൂച്ചയായിരുന്നു. ഒരിക്കലും ഇക്കാര്യങ്ങള്‍ പരീശിലിപ്പിക്കേണ്ടി വന്നിട്ടില്ല’
ഒന്നോ രണ്ടോ മാസം മാത്രം പ്രായമുള്ളപ്പോഴാണ് നവി മുംബൈയില്‍ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നും ഈ കുടുംബം ചുഞ്ചുവിനെ കണ്ടെത്തുന്നത്. ഇടയ്ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കിയതിന് പിന്നാലെ പൂച്ചയും വീട്ടമ്മയും തമ്മില്‍ ബന്ധം വളര്‍ന്നു. കേരളത്തിലെ വീട്ടില്‍ ഉണ്ടായിരുന്ന പൂച്ചയ്ക്ക് സുന്ദരി എന്നായിരുന്നു പേര്. അങ്ങനെ പുതിയ പൂച്ചയ്ക്കും സുന്ദരി എന്ന് പേരിട്ടു. പിന്നീടിത് ചുരുങ്ങി ചുഞ്ചുവെന്നായെന്നും വീട്ടമ്മ പറഞ്ഞു.
അയലയും നെയ്മീനുമായിരുന്നു ചുഞ്ചുവിന് ഏറ്റവും ഇഷ്ടമെന്ന് ഇവര്‍ പറയുന്നു. ഇത് വാങ്ങാനായി മാര്‍ക്കറ്റില്‍ പോകുമായിരുന്നു. മറ്റ് പൂച്ചകളെ പോലെ ഭക്ഷണം തട്ടിമറിയ്ക്കുന്ന സ്വഭാവമൊന്നും ചുഞ്ചുവിനില്ല. രാത്രി കിടന്നുറങ്ങുന്നതെല്ലാം വീട്ടുകാര്‍ക്കൊപ്പമായിരുന്നു.
തന്റെ പെണ്മക്കളെ മടിയിലിരുത്തുന്നത് പോലും ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നു. അവളെ വിട്ട് നിൽക്കാൻ പറ്റാത്തതു കൊണ്ടും പലപ്പോഴും ദീര്‍ഘയാത്ര പോയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ഫോട്ടോയെടുക്കുന്നത് ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നു. കുടുംബ ഫോട്ടോയെടുക്കാന്‍ നേരത്ത് ചുഞ്ചു മനപ്പൂര്‍വ്വം ഇവിടെ നിന്ന് മാറിനില്‍ക്കാറുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രായമായതോടെ ചുഞ്ചുവിന്റെ വൃക്കകള്‍ക്കും പല്ലിനും തകരാറുണ്ടായി. കൃത്യമായി പറഞ്ഞാല്‍ 2018 ജനുവരിയില്‍ ആയിരുന്നു ചുഞ്ചുവിന് അസുഖം വന്നത്. ചുഞ്ചുവിന്റെ അവസാന നാളുകളില്‍ അവളെ കാണാനെത്തിയ അയല്‍ക്കാര്‍ പോലും നിറ കണ്ണുകളോടെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.
രോഗം മാറ്റാന്‍ പലവഴിയും തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അവള് മരിച്ചെന്നും വീട്ടമ്മ പറഞ്ഞു. വെറ്ററിനറി ആശുപത്രിയിലെ വൈദ്യുതശ്മശാനത്തിലായിരുന്നു ശവസംസ്കാരം. കഴിഞ്ഞ ഒരുവര്‍ഷം ഞങ്ങള്‍ ആഘോഷമെല്ലാം ഒഴിവാക്കി. ശരിക്കും സ്വന്തം വീട്ടിലെ അംഗം മരിച്ചാല്‍ എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു തങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം എന്ന് കുടുംബം വ്യക്തമാക്കുന്നു.