കൊച്ചി: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്ത ജെറോമിന്റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ പിഴവ് പുതിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’യായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.
എന്നാല്‍ പ്രബന്ധത്തില്‍ മലയാളത്തിലെ ഏറെ പ്രശസ്തമായ ‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് യുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരള സര്‍വകലാശാല പ്രൊ വിസിയായിരുന്ന ഡോ.അജയകുമാറായിരുന്നു ഗൈഡ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി 2021 ലാണ് ചിന്താ ജെറോമിന് ഡോക്ടറേറ്റും കിട്ടിയത്.


കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയങ്ങളും രൂപം നല്‍കിയ ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടില്‍ പ്രിയദര്‍ശന്‍, രജ്ജിത്ത് എന്നിവരുടെ സിനിമകള്‍ വെള്ളം ചേര്‍ക്കുന്നു എന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമര്‍ശം. ചിന്തയും ഗൈഡും ഈ വലിയ പിഴവ് കണ്ടെത്തിയില്ല. സര്‍വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണബിരുദം നല്‍കും മുന്‍പൊന്നും ഈ തെറ്റ് തിരിച്ചറിഞ്ഞുമില്ല.

പുതിയ വിവാദത്തില്‍ പുലിവാല് പിടിച്ചിരിക്കുകയണ് ചിന്ത ജെറോം. 2021 ല്‍ ചിന്ത ജെറോം ഡോക്ടറേറ്റ് നേടിയ ശേഷം ഇപ്പോഴാണ് ഈ വന്‍അബദ്ധം പുറത്തുവരുന്നത്. ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് പ്രബന്ധം സമര്‍പ്പിച്ച ചിന്ത തന്നെ പറഞ്ഞതോടെ ട്രോളുകള്‍ നിറയുകയാണ്. വൈലോപ്പിള്ളി എന്നുതന്നെയല്ലേ വെള്ളാപ്പള്ളി എന്നല്ലല്ലോ എന്ന് ഉറപ്പിക്കണമെന്നാണ് ട്രോളുകളില്‍ ഒന്ന്. ചങ്ങമ്പുഴയുടെ വാഴക്കുല എടുത്ത് വൈലോപ്പിള്ളിയ്ക്ക് കൊടുത്ത സഖാവ് ചിന്തയ്ക്ക് ഡോക്ടറേറ്റ് കൊടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പിന് നൂറ് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങളെന്നും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നു.
