മകളുടെ മരണത്തോടെ മനോനില തകരാറിലായ അമ്മയുടെ സന്തോഷത്തിനായി കഴിഞ്ഞ 20 വര്‍ഷമായി പെണ്‍ വേഷം കെട്ടി ജീവിക്കുന്ന ഒരു മനുഷ്യനുണ്ട് അങ്ങ് ചൈനയില്‍. 20 വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന്റെ സഹോദരി മരണപ്പെടുന്നത്; അതേ തുടര്‍ന്ന് അമ്മയുടെ മനോനില തെറ്റി. അമ്മയുടെ മനസ് നോവാതിരിക്കാന്‍ ഈ ഒരു വഴി മാത്രമേ ഇദ്ദേഹത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.

മകളെ നഷ്ടപ്പെട്ടില്ലെന്ന് വിശ്വാസം അമ്മയില്‍ ഉണ്ടാക്കുക എന്നൊരു ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇങ്ങനെയൊരു വേഷം സ്വീകരിച്ചത്. സഹോദരിയെ പോലെ വേഷം മാറി അമ്മയ്ക്ക് മുന്നിലെത്തുമ്പോള്‍, അമ്മയും വിശ്വസിച്ചു മകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന്. പിന്നീട് ആ വേഷം സ്ഥിരമാക്കി.

യൂടൂബ് ചാനലായ പേള്‍ വീഡിയോയിലൂടെയാണ് ഇദ്ദേഹം തന്റെ കഥ ലോകത്തോട് പറഞ്ഞത്. എന്നാല്‍ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കുറേ കാലമായി താന്‍ സ്ത്രീയെ പോലെയാണ് ജീവിക്കുന്നതെന്നും, പുരുഷന്മാര്‍ ധരിക്കുന്ന ഒരു വസ്ത്രം പോലും തന്റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ മകന്റെ സ്‌നേഹം ചൈനയില്‍ മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേര്‍ ഇദ്ദേഹത്തിന്റെ നന്മയെ വാഴ്ത്തുമ്പോള്‍, ഇയാള്‍ സ്ത്രീകളെ പോലെ വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്നതാണെന്നും അമ്മയുടെ രോഗം ഇതിനരു മറയാക്കുകയാണെന്നും സംശയിക്കുന്നവരുമുണ്ട്.

എന്നാല്‍ മറ്റുള്ളവര്‍ എന്തു പറയുന്നു എന്നത് തനിക്കൊരു പ്രശ്‌നമല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതു തന്റെ കുടുംബ കാര്യമാണ്. തനിക്ക് വലുത് അമ്മയുടെ സന്തോഷമാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ