വിവാഹ ദിനം മറന്ന് റോഡപകടത്തിൽപ്പെട്ട യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഓടിയ വധുവാണ് സോഷ്യൽ മീഡിയയിലെ പുതിയ താരം. വിവാഹ വസ്ത്രത്തിൽ റോഡിൽ കിടക്കുന്ന സ്ത്രീക്ക് സിപിആർ നൽകുന്ന വധുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നവവരനൊപ്പം റോഡിൽ ഫോട്ടോഷൂട്ട് ചെയ്യുന്നത് നിർത്തിയാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി വധു ഓടിയത്.
നോർത്തേൺ ചൈനയിലാണ് സംഭവം. ലിയോനിങ് പ്രവിശ്യയിലെ വഫാങ്ദിയാനിലെ സ്ട്രീറ്റിൽ ചി ഡാനിന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടക്കുകയായിരുന്നു. അപ്പോഴാണ് അതുവഴി വാഹനത്തിൽവന്ന ഒരു യാത്രക്കാരി അപകടത്തിൽപ്പെട്ട് താഴെ വീണത്. ഇതു കണ്ട നഴ്സ് ആയ ചി ഡാൻ ഭർത്താവിനെ തനിച്ചാക്കി യാത്രക്കാരിയുടെ അടുത്തേക്ക് ഓടുകയായിരുന്നു.
വിവാഹ വസ്ത്രത്തിൽ ചി ഡാൻ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നത് കണ്ട യാത്രക്കാരും അമ്പരന്നു. ചി ഡാനിനെ സഹായിക്കാനായി പിന്നാലെ യാത്രക്കാരും ഒത്തുകൂടി. യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണമടഞ്ഞു.
ഇത് തന്റെ ഡ്യൂട്ടി എന്നായിരുന്നു ചിത്രങ്ങൾ വൈറലായതോടെ ചി ഡാൻ പ്രതികരിച്ചത്. ചൈനീസ് വാലന്റൈൻസ് ദിനമായ ശനിയാഴ്ചയായിരുന്നു ചി ഡാന്റെ വിവാഹം. അന്നേ ദിവസം നിരവധി പേരാണ് ചൈനയിൽ വിവാഹിതരായത്.