നിലമ്പൂർ: ഫുട്ബോൾ വാങ്ങാൻ യോഗം ചേർന്ന് പൈസ പിരിക്കുന്നതിനെ കുറിച്ച് വലിയ പദ്ധതികളൊക്കെ തയ്യാറാക്കുന്ന ഒരു കുട്ടിക്കൂട്ടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. സാമൂഹിക പ്രവർത്തകൻ സുശാന്ത് നിലമ്പൂർ പങ്കുവച്ച ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

നിലമ്പൂരിലെ തന്റ വീഡിനടുത്തുള്ള പറമ്പിൽ കുറച്ച് കുട്ടികൾ ചേർന്ന് ഫുട്ബോൾ വാങ്ങുന്നതിന് പണം പിരിക്കുന്നത് സംബന്ധിച്ച് യോഗം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സുശാന്ത് ക്യാമറയിൽ പകർത്തിയത്. തെങ്ങിന്റെ മടൽ കുത്തിവച്ച്, അതിലൊരു കമ്പ് വച്ചുണ്ടാക്കിയ മൈക്കും, പ്ലാസ്റ്റിക് കവർ ഉപയോഗിച്ചുള്ള പൊന്നാടയുമെല്ലാം രസകരമാണ്.

വളരെ ജനാധിപത്യപരമാണ് അവരുടെ ചർച്ചകൾ. ഓരോ ദിവസവും മിഠായി വാങ്ങുന്ന പൈസ മാറ്റിവച്ച്, ആഴ്ചയിൽ പത്തുരൂപ വച്ച് പിരിക്കുക എന്നതാണ് തീരുമാനം. പ്രസിഡന്റും സെക്രട്ടറിയുമുണ്ട് ഇക്കൂട്ടത്തിൽ. ഓരോ നിർദേശങ്ങൾ മുന്നോട്ട് വച്ചതിന് ശേഷം എല്ലാവരോടും അഭിപ്രായം ചോദിക്കുകയും, വിയോജിപ്പുകളുണ്ടെങ്കിൽ പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

തങ്ങളുടെ കൂട്ടത്തിലെ മിടുക്കരായ കൂട്ടുകാരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവര്‍ മറക്കുന്നില്ല. മികച്ച കളിക്കാരന് പ്ലാസ്റ്റിക് കവര്‍കൊണ്ട് ‘പൊന്നാട’ അണിയിക്കുകയാണ് കുട്ടികള്‍. കൂട്ടത്തിൽ സംസാരിക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ള ഒരു കുട്ടി പ്രസംഗിക്കാനായി മുന്നോട്ട് വരുമ്പോൾ പ്രസിഡന്റും സെക്രട്ടറിയും പറയുന്നുണ്ട്, അവന് സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്, ആരും കളിയാക്കരുത്, ധൈര്യത്തോടെ മുന്നോട്ട് വന്ന ആളാണ് എന്നൊക്കെ.

ഓരോരുത്തരും വന്ന് സംസാരിച്ച് പോകുമ്പോൾ വലിയ കൈയടിയാണ് കുട്ടിക്കൂട്ടം നൽകുന്നത്. ഫുട്ബോൾ മാത്രമല്ല, ജേഴ്സിയും വാങ്ങുന്നുണ്ട് ഇവർ. കൂട്ടത്തിൽ ഒരു മിടുക്കിക്കുട്ടിയും ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook