വേനൽ അവധിയ്ക്ക് സ്ക്കൂൾ അടച്ച് കുട്ടികളെല്ലാവരും വെക്കേഷൻ ആഘോഷിക്കാൻ തയാറെടുക്കുകയാണ്. പഠനത്തിനു ഇടവേള കൊടുത്ത് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കുട്ടികൾ ആവേശത്തിലാകുന്ന രണ്ടു മാസങ്ങൾ. കൂട്ടുക്കാർക്കൊപ്പം പറമ്പിൽ ക്രിക്കറ്റ് കളിച്ചും വീഡിയോ ഗെയിം കളിച്ചും മാതാപിതാക്കൾക്കൊപ്പം ട്രിപ്പ് പോയുമൊക്കെ അവർ ഈ രണ്ടു മാസം അടിച്ചുപൊളിക്കും.
വേക്കേഷൻ പ്രമാണിച്ച് പുതിയൊരു വിനോദവുമായി ഇറങ്ങിയിരിക്കുകയാണ് കുറച്ച് മിടുക്കന്മാർ. ഓലയും പാളയുമൊക്കെ വച്ച് വസ്ത്രം ഉണ്ടാക്കി ധരിച്ച് നൃത്തം ചെയ്യുകയാണ് ഒരു കുട്ടി താരം. കൂട്ടുക്കാരന്മാരെയും ചുറ്റും കാണാം. പശ്ചാത്തലത്തിൽ നൽകിയിരിക്കുന്നത് തെയ്യത്തിന് സമാനമായ ഈണമാണ്.
വേഷവും ധരിച്ച് ഈണത്തിനനുസരിച്ച് വട്ടം കറങ്ങുകയാണ് കുട്ടി. ചുറ്റും നിൽക്കുന്നവർ കൂട്ടുകാരനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. വെക്കേഷന്റെ വരവ് അറിയിച്ചു കൊണ്ട് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.