ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മേഘ്ന ഗുൽസാർ-ദീപിക പദുക്കോൺ ചിത്രം ഛപാക് ജനുവരി 10ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ ദീപികയെ പോലെ തന്നെ സജീവമാണ് ലക്ഷ്മി അഗർവാളും. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചു ചെയ്ത ഒരു ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് ലോഞ്ചിൽ ലക്ഷ്മി അഗർവാളും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ശങ്കർ മഹാദേവൻ പാടുമ്പോൾ ലക്ഷ്മി കണ്ണീരടക്കാൻ പ്രയാസപ്പെടുന്നതും ഇത് കാണുന്ന ദീപിക ലക്ഷ്മിയെ ചേർത്തു പിടിക്കുന്നതും ദൃശ്യങ്ങളിൽ നമുക്ക് കാണാം.

ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കി ‘റാസി’ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതാദ്യമായാണ് മേഘ്‌നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നത്. ചിത്രത്തിൽ​ ‘മാൽതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ഒപ്പം നിർമാണ രംഗത്തേക്കുള്ള ദീപികയുടെ ചുവടുവയ്‌പും ഛപാക്കിലൂടെയാണ്. നീതിക്കായുള്ള മാൽതിയുടെ പോരാട്ടവും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കലുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആസിഡ് വിൽപ്പന തടയാൻ നമ്മുടെ രാജ്യത്ത് ശക്തമായ നിയമങ്ങൾ ഇല്ലാത്തതും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നാണ് ട്രെയിലറിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

Read More: ശങ്കറിന്റെ പാട്ടിന് കണ്ണ് നിറഞ്ഞ് ലക്ഷ്മി അഗർവാൾ; ചേർത്തുപിടിച്ച് ദീപിക പദുക്കോൺ

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook