ബെംഗളൂരു:ചേതന്‍ ഭഗത്തിന്‍റെ ‘വണ്‍ ഇന്ത്യന്‍ ഗേള്‍’ എന്ന അദ്ദേഹത്തിന്‍റെ പുതിയ കൃതി മോഷണമാണ് എന്ന് ആരോപണം.ബെംഗളൂരില്‍ നിന്നുള്ള എഴുത്തുകാരിയായ അന്‍വിത ബാജ്പൈ ആണ് ചേതന്‍ ഭാഗത്തിനെതിരെ നിയമനടപടിയുമായി ഇറങ്ങിയിരിക്കുന്നത്. തന്‍റെ കൃതിയായ ‘ലൈഫ്, ഓഡ്‌സ് ആന്‍റ് ഏന്‍ഡ്‌സ്’ ല്‍ നിന്നുമുള്ള ‘ഡ്രോയിങ് പാരലല്‍സ്’എന്ന കഥയുടെ മോഷണമാണ് ചേതന്‍ ഭാഗത്തിന്‍റെ പുതിയ കൃതി എന്നാണ് അവരുടെ ആരോപണം.
അൻവിത കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ ചേതൻ ഭഗത്തിന്റെ പുസ്തകമായ വൺ ഇന്ത്യൻ​ഗേളിന്‍റെ വില്‍പന താത്കാലികമായിനിര്‍ത്തിവെക്കാന്‍ ബെംഗളൂരു കോടതി വിധി പുറപ്പെടുവിച്ചു.

ആദ്യ പുസ്തകമായ ‘ഫൈവ് പോയന്‍റ് സംവണ്‍’ ഡല്‍ഹി സര്‍വ്വകലാശാല സിലബസില്‍ ഇടംപിടിച്ചു എന്ന വാര്‍ത്ത ഓണ്‍ലൈന്‍ ലോകത്ത് ചര്‍ച്ചയായികൊണ്ടിരിക്കെയാണ് എഴുത്തുകാരനെ പിന്തുടര്‍ന്ന് അടുത്ത വിവാദവും വന്നിരിക്കുന്നത്.

ഒരു റിവ്യൂവിനായി ചേതന്‍ ഭഗത്തിനു പുസ്തകം അയച്ചുകൊടുത്തതു മുതല്‍ ഉള്ള സംഭവങ്ങളെ കാലക്രമത്തിൽ സംഭവങ്ങളെ ഫേസ്ബുക്കില്‍ വിശദീകരിച്ചുകൊണ്ടാണ് അൻവിത ബാജപൈ പുസ്തക വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.

“2014ല്‍ നടന്ന ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ചേതന്‍ ഭഗത് പങ്കെടുത്തിരുന്നു. അവിടെവച്ചാണ് ചേതന്‍ ഭഗത്തിനു നിരൂപണത്തിനായി തന്‍റെ കൃതിയായ ‘ഡ്രോയിങ് പാരലല്‍സ്’ നല്‍കുന്നത് എന്നു അന്‍വിത പറയുന്നു. ചേതന്‍ ഭഗത് വളരെ സമര്‍ത്ഥമായാണ് തന്റെ കഥാതന്തു മോഷ്ടിച്ചതെന്നും അന്‍വിത ഫേസ്ബുക്കില്‍ കുറിക്കുന്നുണ്ട്.

“അദ്ദേഹത്തെ എനിക്ക് വളരെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ എന്ന നിലയിലാണ് ഞാന്‍ അറിയുന്നത്. അദ്ദേഹത്തിന്‍റെ പുസ്തകത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമ ഞാന്‍ കണ്ടിട്ടുണ്ട് എങ്കിലും ഞാന്‍ ഇതുവരെ അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ വായിക്കുകയോ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ പിന്തുടരുകയോ ചെയ്തിട്ടില്ല. ‘വണ്‍ ഇന്ത്യന്‍ ഗേളില്‍’ രാധികയുടെ കഥാപാത്രം എന്‍റെ കഥാ നായികയുമായി സാമ്യമുണ്ട് എന്ന് പലരും പറഞ്ഞപ്പോഴാണ് ഞാന്‍ ആ പുസ്തകം വായിക്കുന്നത്.” നാല്‍പതുകാരിയായ എഴുത്തുകാരി ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

പുസ്തകം പിന്‍വലിക്കുകയും നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ നല്‍കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഫിബ്രവരിയില്‍ ചേതന്‍ ഭഗത്തിനെതിരെ രാധിക വകീല്‍ നോട്ടീസ് അയച്ചിരുന്നു.

വൈകാതെ തന്നെ ചേതന്‍ ഭഗത്തും മറുപടിയുമായി രംഗത്ത് വന്നു.സംഭവം അത്യന്തം നിരാശാജനകമാണെന്ന് ചേതന്‍ ഭഗത് പറഞ്ഞു. അന്‍വിതയുടെ കൃതി വായിച്ചിട്ടില്ല എന്നും വിശദീകരിച്ച ചേതന്‍ ഭഗത്, ഡിജിറ്റല്‍ യുഗത്തിലും ഇത്തരം ആരോപണങ്ങള്‍ വരുന്നത് വിചിത്രമാണ് എന്നും പറഞ്ഞു.

പ്രസാധകരായ പബ്ലിക്കേഷന്‍സ് സംഭവത്തെക്കുറിച്ച് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ജൂണില്‍ ആയിരിക്കും കേസിന്‍റെ അടുത്ത വാദം കേള്‍ക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ