രാജ്യത്തെ പ്രശസ്ത പാചകവിദഗ്ദരില്‍ ഒരാളായ സഞ്ജീവ് കപൂര്‍ ആണ് ‘മലബാര്‍ പനീര്‍’ എന്ന റെസിപിയുമായി ബന്ധപ്പെട്ടു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. തേങ്ങാപ്പാലില്‍ വേവിച്ച, മൊരിച്ച പനീര്‍ എങ്ങനെ ഉണ്ടാക്കാം എന്ന വീഡിയോയ്ക്ക് താഴെയാണ് മലയാളികളുടെ രോഷപ്രകടനങ്ങള്‍.

“പനീര്‍ എപ്പോഴാണ് മലബാറില്‍ എത്തിയത്? കാരക്കുടി കാശ്മീര്‍ പുലാവ് എന്ന് പറഞ്ഞു കേള്‍ക്കുന്നത് പോലെയുണ്ട്, മലബാര്‍ പനീര്‍ എന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍, മലബാര്‍ പനീര്‍ എന്നൊന്നില്ല, മലബാര്‍ ബീഫ്, അല്ലെങ്കില്‍ മലബാര്‍ ചിക്കന്‍, അതേയുള്ളൂ.” ഇത്തരത്തിലാണ് സഞ്ജീവ് കപൂറിന്‍റെ പോസ്റ്റിനു താഴെയുള്ള കമന്റുകള്‍.

 

പാല്‍ക്കട്ടി എണ്ണയില്‍ വറുത്തെടുത്ത്, മല്ലി, മുളക്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത്, തേങ്ങാപ്പാലില്‍ വേവിച്ചെടുക്കുന്ന ഈ റെസിപി ‘ഒരു സഞ്ജീവ് കപൂര്‍ എക്സ്ളൂസിവാണ്’ എന്നും അദ്ദേഹത്തിന്‍റെ സൈറ്റില്‍ പറയുന്നുണ്ട്. എന്തായാലും മലയാളികള്‍ക്ക് ഈ ‘എക്സ്ളൂസിവ് റെസിപി’ അത്ര പിടിച്ച മട്ടില്ല.

“അടുത്തതായി ഇദ്ദേഹം അവതരിപ്പിക്കുന്നത്‌ ബനാറസി ബീഫ് ഫ്രൈ ആയിരിക്കും.  പനീര്‍ മലയാളികള്‍ക്ക് ആനപ്പിണ്ടം കാണുന്നത് പോലെയാണ് എന്നുമൊക്കെ ട്രോളന്മാര്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട പാചകക്കാരനാണ് സഞ്ജീവ് കപൂര്‍.  2015ല്‍ മോദി യു എ ഇ സന്ദര്‍ശിച്ചപ്പോഴും ഈ വര്‍ഷം അദ്ദേഹം വേണ്ടും യു എ ഇ സന്ദര്‍ശിച്ചപ്പോഴും സഞ്ജീവ് കപൂര്‍ ആണ് പ്രധാന മന്ത്രിയുടെ ആഹാരവും വിരുന്നും ഒരുക്കിയത്. മാംസാഹാരം ഒഴിവാക്കിയുള്ള മെനു ആണ് സഞ്ജീവ് കപൂര്‍ പ്രധാനമന്ത്രിയ്ക്ക് വേണ്ടി തയ്യാറാക്കിയത്.  2017ല്‍ സഞ്ജീവ് കപൂറിന് പദ്മശ്രീ ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ