അങ്ങനെ കേരളത്തിന്റെ ബ്രേക്കിംഗ് ന്യൂസ് റിപ്പോര്‍ട്ടിംഗ് ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായി ഒരു സാരഥി താരമായി. മനോരമ ന്യൂസ് ഡ്രൈവര്‍ ശിവദാസനാണ് ഇന്ന് അദ്ദേഹം പകര്‍ത്താന്‍ സഹായിച്ച വാര്‍ത്തയ്ക്കൊപ്പം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയുന്നത്. വാര്‍ത്തയുടെ വേഗത്തിനൊപ്പം ‘വച്ചുപിടിച്ച’ ശിവദാസന്‍ സോഷ്യല്‍ മീഡിയ ട്രോളുകളിലും ഇന്ന് നിറഞ്ഞു. എന്നാല്‍ അതൊന്നും നോക്കാൻ പോലും ‘കേരളത്തിന്റെ ഷൂമാക്കറിന്’ സമയമില്ല. തന്നെ ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്ത്, അഭിനന്ദനങ്ങളോടും വിമർശനങ്ങളോടും ഒരുപോലെ പുഞ്ചിരിക്കുകയാണ് മനോരമ ന്യൂസിന്റെ പാലക്കാട് ബ്യൂറോയിലെ ശിവദാസൻ.
“വണ്ടിയിൽ എന്നെക്കൂടാതെ റിപ്പോർട്ടറും ക്യാമറമാനും ഉണ്ടായിരുന്നു. ഞങ്ങളെ കൂടാതെ മറ്റ് മാധ്യമങ്ങളുടെ വാഹനങ്ങളുമുണ്ടായിരുന്നു നിരത്തിൽ. സ്വാഭാവികമായും ഈ സാഹചര്യത്തിൽ എല്ലാവരും പരസ്പരം മത്സരമുണ്ടാകും. മുൻപിൽ എൻഐഎയുടെ വണ്ടിയും. അസാധ്യ വേഗത്തിലായിരുന്നു അവരുടെ വണ്ടി പോയിരുന്നത്. ചെറിയ വേഗത്തിലല്ല പോകുന്നത് എന്നതു കൊണ്ട് തന്നെ, അപകടമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. പക്ഷേ പതിനഞ്ച് വർഷമായി ഞാൻ വണ്ടിയുടെ വളയം പിടിക്കാൻ തുടങ്ങിയിട്ട്, ഇതു പോലെയും ഇതിലും വേഗത്തിലുമൊക്കെ വണ്ടിയോടിക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ ചെയ്യുന്നത് എന്റെ ജോലിയാണ്. അതു കൊണ്ട് പേടിയില്ല.”
സാരഥിയാണ് താരം
ഇന്ന് കേരളം കണ്ട വലിയ ‘വാര്‍ത്താ സംഭവം’ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ കുറ്റാരോപിതരായ സ്വപ്നസുരേഷിനെയും സന്ദീപ് നായരേയും ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചതാണ്. കേരള രാഷ്ട്രീയത്തില്‍ ഏറെ പ്രസക്തിയുള്ള ഈ കേസിന്റെ ഗതിവിഗതികള്‍ മാധ്യമങ്ങളും തുടക്കം മുതലേ തന്നെ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു വന്നിരുന്നു. അതിന്റെ കലാശക്കൊട്ടെന്നോണമാണ് വാളയാര്‍ ചെക്ക് പോസ്റ്റ് മുതല്‍ കൊച്ചി വരെ പ്രതികളെ കൊണ്ട് വന്ന വാഹനത്തിനു അകമ്പടിയായും ചിലപ്പോള്‍ മത്സരമായുമൊക്കെ ദൃശ്യമാധ്യമങ്ങളുടെ വാഹനനിര നിറഞ്ഞ കാഴ്ച കേരളം കണ്ടത്.
അതില്‍ തന്നെ ശ്രദ്ധ നേടിയത്, പ്രത്യേകിച്ചും, ട്രോളന്മാരുടെ ശ്രദ്ധ നേടിയത് മനോരമ ന്യൂസ് ടീമിന്റെ വാഹനമായിരുന്നു. അതിവേഗത്തില്‍ പാഞ്ഞ അവരുടെ വാഹനം ഓടിക്കുന്നത് സാക്ഷാല്‍ മൈക്കേല്‍ ഷൂമാക്കര്‍ ആണോ എന്ന് വരെ ട്രോളന്മാര് സംശയിച്ചു. പിന്നീട് ആ പ്രതിഭയെ അംഗീകരിച്ചു, ‘കേരളത്തിന്റെ ഷൂമാക്കര്‍’ എന്ന് വിളിച്ചു.
രണ്ടു വർഷമായി ശിവദാസൻ മനോരമ ന്യൂസിന്റെ വേഗത്തിനൊപ്പമുണ്ട്. പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇത് അൽപ്പം വ്യത്യസ്തമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
“കൊച്ചിയിലേക്കുള്ള യാത്രയിൽ വഴിയിൽ പലയിടത്തും യൂത്ത്കോൺഗ്രസിന്റേയും യുവമോർച്ചയുടേയും പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ഡിപ്പാർട്ട്മെന്റിന്റെ വാഹനം പലപ്പോഴും ചീറിപ്പാഞ്ഞ് പോകുമ്പോൾ ഇവർ ചാടുന്നത് ചിലപ്പോൾ ഞങ്ങളുടെ വാഹനത്തിന്റെ മുന്നിലേക്കാകാം. അപകട സാധ്യത കൂടുതലാണ്. ഇന്ന് പൊലീസ് സിഗ്നൽ ലൈറ്റുകളൊക്കെ ഓഫ് ചെയ്തിരുന്നു. മിക്കയിടങ്ങളിലും അവർ റോഡ് ക്ലിയർ ചെയ്തു തന്നു. റോഡ് നിറയെ ഞങ്ങളെ കണ്ട് നിൽക്കുന്ന ജനങ്ങളുണ്ടായിരുന്നു. ഏറ്റവും മുന്നിൽ ഞങ്ങൾ തന്നെയായിരുന്നു. അതിനെക്കാൾ ഒട്ടും കുറഞ്ഞ വേഗതയിൽ അല്ല പുറകിലുള്ള വണ്ടികളും. കുറേ പേർ എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പക്ഷെ, എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാൽ ഈ പറയുന്ന ഭംഗിയൊന്നും ഉണ്ടാകില്ല,” ചിരിച്ചു കൊണ്ട് ശിവദാസൻ പറയുന്നു.
അത് ട്രോളല്ല, സത്യം തന്നെയാണ്
ഒരു ഘട്ടത്തിൽ മനോരമയുടെ വാഹനം എൻഐഎയുടെ വാഹനത്തെ മറികടന്ന് മുന്നിൽ പോയി എന്നു പറയുന്ന ട്രോളുകളെ കുറിച്ച് ചോദിച്ചപ്പോൾ ശിവദാസന്റെ മറുപടി ഇങ്ങനെ:
“അത് ട്രോളല്ല, സത്യം തന്നെയാണ്. മുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്താനായിരുന്നു അത്. മൂന്നിടത്ത് ഞങ്ങൾ എൻഐഎയുടെ വാഹനത്തിന്റെ മുന്നിൽ കയറി. ആമ്പല്ലൂർ ടോൾ, അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളിലാണ് ഞങ്ങൾ അവർക്ക് മുന്നിൽ എത്തിയത്. അങ്കമാലിയിൽ അൽപ്പം റിസ്ക് ആയിരുന്നു.”
വാർത്തകൾക്കൊപ്പമുള്ള ഈ ഓട്ടം തനിക്കൊരു ഹരമാണെന്ന് ശിവദാസൻ.
“മുൻപും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ നടന്ന വെടിവെപ്പിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോഴും ഇതു പോലെ പാഞ്ഞിട്ടുണ്ട്. അട്ടപ്പാടിയിലേക്കുള്ള വളവും തിരിവുമുള്ള വഴിയാണ്. മൂന്ന് മരണങ്ങൾ നടന്ന ഇടത്തേക്ക് പെട്ടെന്നെത്തണം. മറ്റൊരു അനുഭവം തിരഞ്ഞെടുപ്പ് സമയത്തേതായിരുന്നു. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണം കവർ ചെയ്ത് തീരുന്നതിനിടെയാണ് ആലത്തൂരിലെ സ്ഥാനാർഥിക്ക് നേരെ ആക്രമണമുണ്ടായി എന്ന വാർത്ത വന്നത്. പിന്നെ നേരെ അങ്ങോട്ട് വിട്ടു. എത്രയും പെട്ടെന്ന് എത്തണം, ആദ്യം വാർത്ത കൊടുക്കണം എന്നൊക്കെയാണ് അപ്പോൾ മനസിൽ. മീഡിയയിലാകുമ്പോൾ, ഒരു കൂട്ടമായുള്ള ജോലിയല്ലേ. വണ്ടിയ്ക്കുള്ളിൽ ഒരു കുടുംബമാണ് ഞങ്ങൾ. അങ്ങനെ ജോലി ചെയ്യുമ്പോൾ വല്ലാത്ത ആത്മസംതൃപ്തിയുണ്ട്.”