ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-2 നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ചന്ദ്രയാന്‍-2 പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഏതാനും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നും ചന്ദ്രയാന്‍ പകര്‍ത്തിയതല്ല എന്നതാണ് വാസ്തവം. ഇത് അറിയാതെ ഇപ്പോഴും നിരവധി പേരാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചുക്കൊണ്ടിരിക്കുന്നത്.
First photograph of Earth, send by Chandrayaan 2. Thanks ISRO, and it’s Team. Jai Hind.#Chandrayaan2 pic.twitter.com/URH8xbyTRk
— Rimmzy (@Riimmzy) July 26, 2019
ഇപ്പോള്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന എല്ലാ ചിത്രങ്ങളും നാസ അടക്കമുള്ള വെബ്സൈറ്റുകള്‍ വിവിധ ആവശ്യത്തിനായി നേരത്തെ പകര്‍ത്തിയതും പ്രസിദ്ധീകരിച്ചതുമാണ്. ചില പഠനങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഇല്ലൂസ്ട്രേറ്റഡ് ചിത്രങ്ങളും ഇതിലുണ്ട്. കലാകാരന്റെ ഭാവനയില്‍ സൃഷ്ടിച്ചെടുത്തവയാണ് ഇവ. ഗൂഗിളില്‍ തിരഞ്ഞാല്‍ ഈ ചിത്രങ്ങളെല്ലാം എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കും. അങ്ങനെയുള്ള ചിത്രങ്ങളാണ് ചന്ദ്രയാന്‍-2 പകര്‍ത്തിയ ചിത്രങ്ങളാണ് എന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക ട്വിറ്ററില്‍ നിന്ന് പോലും ഇതുവരെ ഒരു ചിത്രവും ചന്ദ്രയാന്റെതാണെന്ന് പറഞ്ഞ് പുറത്തുവന്നിട്ടില്ല. ജൂലായ് 26 നാണ് ഐഎസ്ആര്‍ഒയുടെ പേജില്‍ ചന്ദ്രയാനുമായി ബന്ധപ്പെട്ട അവസാന ട്വീറ്റ് വന്നിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ടാം ഓര്‍ബിറ്റിലേക്ക് കയറി എന്ന സന്ദേശത്തോടെയായിരുന്നു ആ ട്വീറ്റ്.