ലണ്ടൻ: പ്രമുഖ ചാനലായ ‘ചാനൽ 4’ സംഘടിപ്പിച്ച ‘ചൈൽഡ് ജീനിയസ്’ എന്ന റിയാലിറ്റ് ഷോയിൽ ഇന്ത്യൻ ബാലനായ രാഹുൽ എന്ന 12 കാരൻ കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറിയിരുന്നു. എന്നാൽ രാഹുൽ വിജയതത്തിലേക്ക് കുതിക്കുന്പോൾ അവന്റെ മുഖ്യ എതിരാളിയായി ഒമ്പത് വയസുകാരൻ റോണന് ഒരു ഉത്തരം പറയുമ്പോൾ തെറ്റ് പറ്റിയതിനെ പരിഹസിച്ചുള്ള രാഹുലിന്റെ അച്ഛൻ മിനേഷ് ദോഷിയുടെ മുഖഭാവങ്ങളും പ്രതികരണങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വിധേയമാവുകയാണ്. ഒമ്പത് വയസുകാരന് ഒരു ചെറിയ തെറ്റ് പറ്റിയാൽ ഇത്രയധികം പരിഹസിക്കാനുണ്ടോ എന്നാണ് ദോഷിയെ വിമർശിച്ച് കൊണ്ട് നിരവധി പേർ ചോദിക്കുന്നത്.

ശനിയാഴ്ച രാത്രി മത്സരത്തിന്റെ ഫൈനൽ നടന്ന് കൊണ്ടിരിക്കുന്ന വേളയിലായിരുന്നു ദോഷി, റോണനെ പരിഹസിക്കുന്ന പ്രകടനങ്ങളുമായി ഷോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഫൈനൽ ഷോ പവലിയനിൽ ഇരുന്ന് കാണുമ്പോഴായിരുന്നു ദോഷിയുടെ പരിഹാസം. റോണൻ ഗണിതശാസ്ത്ര സംബന്ധമായ ഒരു ഉത്തരം പറഞ്ഞപ്പോൾ ഒരു സംഖ്യ തെറ്റിച്ചതിനെ തുടർന്നായിരുന്നു ദോഷിയുടെ പരിഹാസം നിറഞ്ഞ പ്രതികരണം ഉണ്ടായത്. വേണമെങ്കിൽ താൻ ആ കുട്ടിക്ക് ശരിയായ ഉത്തരം പറഞ്ഞ് കൊടുക്കാമെന്നായിരുന്നു ദോഷി പ്രതികരിച്ചത്. 162 ഐക്യു ഉള്ള രാഹുൽ ഈ മത്സരത്തിൽ വിജയിക്കുകയായിരുന്നു.

ഐക്യുവിന്റെ കാര്യത്തിൽ ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് എന്നിവരേക്കാൾ താൻ മുന്നിലാണെന്ന് രാഹുൽ തെളിയിക്കുകയും ചെയ്തിരുന്നു. മാത്സ്, സ്‌പെല്ലിങ്, ജനറൽ നോളജ് ചോദ്യങ്ങൾ എന്നിവയ്ക്ക് വിജയകരമായി ഉത്തരം നൽകിയായിരുന്നു രാഹുൽ വിജയിച്ചത്. രാഹുലിന് സമ്മാനിക്കപ്പെട്ട കിരീടം കയ്യിലെടുത്തു അച്ഛൻ ആഘോഷപ്രകടനം നടത്തിയതും വിമർശിക്കപ്പെടുന്നുണ്ട്. ഇതിന്റെ വീഡിയോ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ