2019 ജനുവരിയില്‍ വിമാനാപകടത്തില്‍ മരിച്ച അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലായുടെ അവസാന നിമിഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഫ്രഞ്ച് ക്ലബായ നാന്റസില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ കാര്‍ഡിഫ് സിറ്റിയിലേക്ക് മാറാന്‍ ഒരുങ്ങുന്നതിനിടെയാണ് സലാ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെടുന്നതും അപകടത്തില്‍ താരം മരിക്കുന്നതും.
ബിബിസി പോസ്റ്റ് ചെയ്ത വീഡിയോയില്‍ എമിലിയാനോ സലായുടെയും പൈലറ്റ് ഡേവിഡ് ഇബട്ട്സണിനെയും കാണാം. 2019 ജനുവരി 21 ലെ സിസിടിവി ദൃശ്യങ്ങളാണിത്. വിമാന യാത്രക്ക് 45 മിനിറ്റ് മുമ്പുള്ള ദൃശ്യങ്ങളാണിത്. ഒരു സുഹൃത്തുമായുള്ള ഫോണ്‍ കോളില്‍ ഇബട്ട്സണ് വിമാനത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.
”ഞാന്‍ കാര്‍ഡിഫില്‍ നിന്ന് ഒരു ഫുട്ബോള്‍ കളിക്കാരനെ പിക്ക് ചെയ്തു. അവനെ നാന്റസില്‍ നിന്ന് വാങ്ങിയതാണ്. 20 മില്യണ്‍ പൗണ്ടോ മറ്റോ ആണെന്ന് ഞാന്‍ കരുതുന്നു. അവനെ പിക്ക് ചെയ്യാന്‍ അവര്‍ എന്നെ ഏല്‍പ്പിച്ചു. സാധാരണയായി എന്റെ സീറ്റുകള്‍ക്കിടയില്‍ ലൈഫ് ജാക്കറ്റ് ഉണ്ടാകും, നാളെ ഞാന്‍ എന്റെ ലൈഫ് ജാക്കറ്റ് ധരിക്കും, അത് ഉറപ്പാണ്,’ അദ്ദേഹം വീഡിയോയില്‍ പറയുന്നത് കേള്‍ക്കുന്നു.
സലായ്ക്കും വിമാനത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അടുത്ത ഒന്നര മണിക്കൂറിനുള്ളില്‍ നിങ്ങള്‍ എന്നില്‍ നിന്ന് കേട്ടില്ലെങ്കില്‍, എന്നെ കണ്ടെത്താത്തതിനാല്‍ ആരെങ്കിലും എന്നെ അന്വേഷിക്കുമോ എന്ന് എനിക്കറിയില്ല. മനുഷ്യാ, എനിക്ക് ഭയങ്കര പേടിയാണ്. വിമാനം പറന്നുയരുന്നതിന്റെ അവസാന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
2019 ഫെബ്രുവരി 3 ന് ഗുര്‍ണ്‍സി കടല്‍ത്തീരത്ത് വിമാനാവശിഷ്ടങ്ങള്‍ക്കൊപ്പം സലയുടെ മൃതദേഹം കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇബട്ട്സന്റെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. ക്ലബ് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായ 15 മില്യണ്‍ പൗണ്ടിനയിരുന്നു മൂന്നര വര്‍ഷത്തെ കരാറില്‍ കാര്‍ഡിഫ് സിറ്റിയിലേക്ക് സലാ മാറിയത്.