ഏറെ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് സിബിഐ 5- ദ ബ്രെയിൻ. മമ്മൂട്ടി-കെ മധു- എസ് എൻ സ്വാമി കൂട്ടുക്കെട്ടിൽ പിറന്ന സിബിഐ ചിത്രങ്ങളുടെ അഞ്ചാം ഭാഗമിറങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകർ. എന്നാൽ, പ്രേക്ഷകരെ തൃപ്തിപ്പെടുത്താതെ ശരാശരി കാഴ്ചാനുഭവം മാത്രമാണ് സിബിഐ5 സമ്മാനിച്ചത്. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം ഏറ്റുവാങ്ങിയ ചിത്രം ജൂൺ 12നാണ് ഒടിടി പ്ലാറ്റ്ഫോമിലെത്തിയത്.
സൂക്ഷ്മതയോടെ ചിത്രത്തെ നോക്കി കാണുകയും വിമർശനാത്മകമായി സമീപിക്കുകയും ചെയ്യുന്ന പ്രേക്ഷകർ ചിത്രത്തിലെ പോരായ്മകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്ന സിബിഐ5 ട്രോളുകൾ കാണാം.
ബാസ്കറ്റ് കില്ലിംഗും കാസ്റ്റിംഗിലെ പിഴവും മുതൽ രഞ്ജി പണിക്കരുടെയും രമേഷ് പിഷാരടിയുടെയും കഥാപാത്രങ്ങളുടെ എയർപിടുത്തം വരെ ട്രോളുകളിൽ വിഷയമാവുകയാണ്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാർ, രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, ദിലീഷ് പോത്തൻ, കനിഹ, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കിയത്. കെ. മധുവാണ് സംവിധാനം.