സോഷ്യല്‍മീഡിയ ഉപയോഗിക്കുമ്പോള്‍ എപ്പോഴേങ്കിലും അമളി പറ്റിയവരായിരിക്കും നമ്മള്. തെറ്റായി ടൈപ്പ് ചെയ്യുന്നതായിരിക്കും പലപ്പോഴും പറ്റുന്ന അബദ്ധം. എന്നാല്‍ പാക്കിസ്ഥാനില്‍ മന്ത്രിസഭ തീരുമാനം ഫെയ്സ്ബുക്കിൽ ലൈവായി നൽകുന്നതിനിടെ സംഭവിച്ച അമളിയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലാകുന്നത്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ സർക്കാറിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അഡ്മിനാണ് അബദ്ധം പിണഞ്ഞത്.
പ്രവിശ്യ മന്ത്രിസഭയുടെ തീരുമാനങ്ങൾ വിവരിക്കുന്നതിനിടെ ലൈവ് നൽകിയ ഉദ്യോഗസ്ഥന്റെ കൈ അറിയാതെ കാറ്റ് ഫിൽറ്ററിൽ തട്ടി. ഇതോടെ വീഡിയോയിൽ മന്ത്രിമാരുടെ മുഖത്ത് പൂച്ചയുടെ ചെവിയും മീശയും പ്രത്യക്ഷപ്പെടുകയായിരുന്നു.
സ്നാപ്ചാറ്റില്‍ അവതരിപ്പിക്കപ്പെട്ട കാറ്റ് ഫില്‍ട്ടര്‍ മനുഷ്യമുഖം താനെ തിരിച്ചറിഞ്ഞ് മേകപ്പ് ചെയ്യുകയാണ് ചെയ്യുന്നത്. ഫില്‍ട്ടര്‍ പ്രകാരം പൂച്ചയുടെ മീശയും ചെവിയും മൂക്കും താനെ മുഖത്ത് ചേര്‍ക്കപ്പെടും. ദൃശ്യത്തിലെ ആള് നീങ്ങിയാലും ചെവിയും മീശയും താനെ നീങ്ങും.
അബദ്ധം സംഭവിച്ചപ്പോൾ ഷൗക്കത്ത് യൂസുഫ്സായ് ആണ് സംസാരിച്ചുകൊണ്ടിരുന്നത്. ലൈവ് കണ്ടുകൊണ്ടിരുന്നവർ ഇക്കാര്യം ശ്രദ്ധിച്ചതോടെ അഡ്മിന് സന്ദേശം അയച്ച് അമളി ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നം പരിഹരിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിക്കുകയാണ്. സംഭവത്തില്‍ ഫെയ്സ്ബുക്ക് കൈകാര്യം ചെയ്ത ആള്‍ക്കെതിരെ നടപടി എടുത്തേക്കുമെന്നും വിവരമുണ്ട്.