കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി മുഖപത്രം ജന്മഭൂമി. ഡിസംബർ 22 ശനിയാഴ്ച പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുളളത്. വനിതാ മതില് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജന്മഭൂമി കാര്‍ട്ടൂണ്‍ തയ്യാറാക്കിയത്.
ദൃക്സാക്ഷി എന്ന കാർട്ടൂൺ കോളത്തിൽ, ‘വനിതാ മതിൽ: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്’ എന്ന തലക്കെട്ടിൽ ‘തെങ്ങുകയറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം’ എന്ന അടിക്കുറിപ്പ് നൽകിയാണ് ജന്മഭൂമി കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ സോഷ്യൽ മീഡിയയില്‍ പ്രതിഷേധം പുകയുകയാണ്.
തെങ്ങുകയറ്റക്കാരായ ചെത്തുകാർ അടങ്ങുന്ന ഈഴവ സമുദായത്തിൽപ്പെട്ടവരൊന്നും മുഖ്യമന്ത്രിയാവരുതെന്ന സന്ദേശമാണ് ബിജെപി മുഖപത്രം മുന്നോട്ട് വയ്ക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ‘ചോവൻ ചെത്താൻ പോകട്ടെ. തമ്പ്രാൻ നാട് ഭരിക്കട്ടെ’, എന്ന മുദ്രാവാക്യമാണ് ബിജെപിക്കുളളതെന്ന് ചിലര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംഘപരിവാറില്‍ പ്രവര്‍ത്തിക്കുന്ന ഈഴവന്മാര്ക്ക് കൂടിയുളള മുന്നറിയിപ്പാണ് ഇതെന്ന് അഭിപ്രായം ഉയര്‍ന്നു. പിണറായി വിജയൻ ജന്മംകൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കൻ ജില്ലയിൽ ഈഴവരെ ചോകോൻ എന്ന് വിളിക്കാറുണ്ടായിരുന്നു നേരത്തേ മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയ സ്ത്രീക്കെതിരെ കേസെടുത്തിരുന്നു.
വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നത്.