ജമ്മു: കശ്മീരിലെ അതിക്രമങ്ങളില്‍ മനം മടുത്ത് ജോലി രാജി വെച്ച കശ്മീരി പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. ഒരു പോലീസുകാരനെന്ന നിലയില്‍ താന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന കാര്യത്തില്‍ ഒരു ഉത്തരത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ താന്‍ ഒരു തീരുമാനത്തിലെത്തി. തന്റെ വിവേചന ബുദ്ധിയുടെ അടിസ്ഥാനത്തിലാണ് പോലീസില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കോൺസ്റ്റബിൾ ആയ റയീസ് എന്ന പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും അദ്ദേഹം പങ്കുവെക്കുന്നില്ല.
‘ഞാന്‍ കാശ്മീര്‍ പൊലീസിലെ ജോലി രാജി വെച്ചു. ഇത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല പക്ഷേ ഈ ജോലിയില്‍ തുടരാന്‍ എന്റെ മനസാക്ഷി എന്നെ അനുവദിക്കുന്നില്ല. ജനങ്ങളെ സേവിക്കാനും എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പ്രതിജ്ഞ എടുത്തുകൊണ്ട് കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഞാന്‍ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്തിരുന്നു. ഈ ജോലി ശരിക്കും ഒരു ജിഹാദായിട്ടായിരുന്നു ഞാന്‍ കണ്ടിരുന്നത്. എന്നാല്‍ എന്റെ മനസ്സാക്ഷി മരിക്കുന്നത് ഞാന്‍ കണ്ടിരുന്നില്ല. പക്ഷേ കശ്മീര്‍ താഴ്വരയില് സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ് എന്റെ മനസാക്ഷിയെ എനിക്ക് അവഗണിക്കാനാവുന്നില്ല’. റയീസ് പറയുന്നു.
‘തടുക്കാന്‍ കഴിയാത്ത ഒരു കാറ്റ് ഇവിടെ ഉയര്‍ന്ന് വരികയാണ്. ഓരോ ദിവസവും കശ്മീരികള്‍ കൊല്ലപ്പെടുകയാണ് ചിലരുടെ കണ്ണുകള്‍ നഷ്ടപ്പെടുന്നു, ചിലര്‍ ജയിലിലും ആണ്. കാശ്മീരിലെ പ്രശ്നങ്ങള്‍ കാരണം യാഥാര്‍ത്ഥ ജനാധിപത്യം ഒരിക്കലും കാശ്മീരില്‍ സംഭവിക്കുന്നില്ല കശ്മീരികള്‍ ജനാധിപത്യത്തിന്റെ ശരിയായ മാര്‍ഗ്ഗം തേടുന്നു’ റയീസ് പറയുന്നു.
‘ഞാന്‍ പാകിസ്താനെ ഇഷ്ടപെടുകയോ, ഇന്ത്യയെ വെറുക്കുകയോ ചെയ്യുന്നില്ല, എന്റെ കശ്മീരിനെ മാത്രമേ ഞാന്‍ ഇഷ്ടപ്പെടുന്നുള്ളൂ, ഇവിടെ സമാധാനം വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് വീഡിയോയുടെ അവസാന ഭാഗത്തിൽ ഇയാൾ പറയുന്നത്.
അതേസമയം, വീഡിയോയെ കുറിച്ച് അന്വേഷിച്ചു വരുകയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു.