കാൻസറുമായുള്ള പോരാട്ടത്തെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു മഹാദേവ ഇനി ഓർമ. ഇന്ന് പുലർച്ചെ കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ വച്ചായിരുന്നു അന്ത്യം. 27 വയസ്സായിരുന്നു.
തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദുവിനെ വളരെ ചെറുപ്രായത്തിൽ തന്നെ കാൻസർ ബാധിക്കുകയായിരുന്നു. കാൻസറിനു മുന്നിൽ തളരാതെ പോരാടി, ജീവിതത്തിലെ ഓരോ ഘട്ടത്തെയും പുഞ്ചിരോടെ ആസ്വദിച്ച നന്ദു ഒരു വലിയ സമൂഹത്തിന് തന്നെ പ്രചോദനമായിരുന്നു.
എന്നാൽ കാൻസർ ശ്വാസകോശത്തെയും പിടിമുറുക്കാൻ തുടങ്ങിയതോടെയാണ് നന്ദുവിന്റെ സ്ഥിതി മോശമായത്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യസംഘാടകൻ കൂടിയാണ് നന്ദു.
നന്ദുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
“അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു,” നന്ദു മഹാദേവയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
നിരവധി പേരാണ് നന്ദുവിന് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ നേർന്നിരിക്കുന്നത്.

“അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി. ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്ത ലോകത്തേ ക്ക് എന്റെ നന്ദുട്ടൻ പോയി. എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു. ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു, അവന്റെ ജീവൻ തിരിച്ചു നൽകണേയെന്ന്. പക്ഷെ… പുകയരുത്, ജ്വലിക്കണം, തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്… മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്, നീ എവിടെക്കാണ് പോയത്? ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ട്. നന്ദുട്ടാ, എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ. എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്?,” നന്ദുവുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടി സീമ ജി നായർ കുറിക്കുന്നു.
Read more: എന്റെ രാജകുമാരിയും രാജകുമാരനും; ശരണ്യയ്ക്കും നന്ദുവിനുമൊപ്പം സീമ ജി.നായർ