കാനഡ: കളളന്മാരില്ലാത്ത നാടുണ്ടോ? പിടിച്ചുപറിയും പോക്കറ്റടിയും ശീലമാക്കിയ കളളന്മാർ നമ്മുടെ നാട്ടിൽ കുറവല്ല. പക്ഷെ തോക്കും മാരകായുധങ്ങളുമായി പട്ടാപ്പകൽ പോലും കൊളളയടിക്കാൻ നടക്കുന്നവർ നമ്മുടെ നാട്ടിൽ അധികമില്ല.

പക്ഷെ, തോക്കും മറ്റു മാരകായുധങ്ങളുമായി ഒരു കൂട്ടം കള്ളൻമാർ നിങ്ങളെ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യും? പലരും പല വിധത്തിലായിരിക്കും പ്രതികരിക്കുക. ചിലർ മരവിച്ചു നിന്നു പോകും. മറ്റു ചിലർ ഓടി രക്ഷപെടാൻ ശ്രമിച്ചേക്കും. എന്നാൽ മറ്റ് ചിലരാകട്ടെ മരവിച്ചു നിൽക്കാതെ പ്രത്യാക്രമണം നടത്തും. അത്തരമൊരു പ്രത്യാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

വിദേശരാജ്യങ്ങളിലാണ് ഇത്തരം ശല്യങ്ങൾ കൂടുതലുളളത്. കാനഡയിലെ ജ്വല്ലറിയിൽ തോക്കും മാരകായുധങ്ങളുമായി കൊള്ളയടിക്കാൻ വന്ന കള്ളൻമാരെ വാളു കൊണ്ടു തുരത്തിയോടിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ കൈയടി നേടുന്നത്.  മിസിസ്വാഗയിലെ അശോക് ജ്വല്ലറിയിലെ ജോലിക്കാരാണ് വാളു കൊണ്ട് കള്ളൻമാരെ തുരത്തിയത്. ഇന്ത്യൻ വംശജരായ സിഖുകാരാണ് ജ്വല്ലറിയിലുണ്ടായിരുന്നത്. സിഖ് സമുദായമായ കിർപൻ അംഗങ്ങളാണ് ഇവർ.

മുഖംമൂടി ധരിച്ചു കൊണ്ട് ജ്വല്ലറിയുടെ ചില്ലു ചുറ്റിക കൊണ്ട് തകർത്ത് അകത്തു കടക്കാൻ ശ്രമിക്കുന്ന കള്ളൻമാരാണ് ജ്വല്ലറിയിലെ മൂന്ന് ജീവനക്കാർ വാളെടുത്തപ്പോൾ വിരണ്ടോടിയത്. കള്ളൻമാരിൽ ഒരാളുടെ കൈയിൽ തോക്കുണ്ടായിരുന്നെങ്കിലും പ്രവർത്തിപ്പിക്കാനായില്ല.

കള്ളൻമാർ വരുന്നത് കണ്ടപ്പോൾ തന്നെ പകച്ചു നിൽക്കാതെ അവരെ ഓടിക്കാൻ കഴിഞ്ഞു എന്ന് ജ്വല്ലറിയുടമുടെ മകൻ അർജുൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ കൈയിൽ തോക്കുണ്ടായി എന്നാൽ അവരെ കടയുടെ ഉള്ളിൽ കടക്കാൻ അനുവദിക്കാതിരിക്കുകയായിരുന്നു ലക്ഷ്യമെന്നും അർജുൻ പറഞ്ഞു.

പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ ഇരുണ്ട നിറമുള്ള വാഹനത്തിലാണ് കള്ളൻമാർ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. വാളിന്റെ ഉപയോഗം നിയമവിധേയം അല്ലെന്നും പൊലീസ് പറഞ്ഞു.

എന്നാൽ ജ്വല്ലറിയുടെ അകത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നിരവധിയാളുകളാണ് പങ്കു വച്ചിരിക്കുന്നത്. വാളിന്റെ ഉപയോഗം സിലബസിലില്ലെന്ന് കള്ളൻമാർ പറയുന്നതായും, ഇങ്ങിനെയാണെങ്കിൽ കളിക്കില്ല എന്ന തലക്കെട്ടിലുമാണ് പലരും ഈ ദൃശ്യങ്ങൾ പങ്കു വയ‌ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook