പലതരത്തിലുള്ള വിവാഹ ആഘോഷങ്ങള്‍ നാം കണ്ടിട്ടുണ്ട്. ഓരോ ദിവസം കഴിയുംതോറും വിവാഹ ആഘോഷങ്ങളുടെ രീതിയിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വിഷയമാണ് പ്രീ വെഡിങ് ഫോട്ടോഷൂട്ട്. വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അതിനെ വിമര്‍ശിച്ചും പുകഴ്ത്തിയും ഏറെ പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കല്യാണപ്പെണ്ണും ക്യാമറാമാനും ഒന്നിച്ചുള്ള ഡാൻസാണ് സമൂഹമാധ്യമങ്ങളിൽ ചിരിയുണർത്തുന്നത്.

കല്യാണപ്പെണ്ണ് ഡാന്‍സ് കളിക്കുന്നത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന ക്യാമറമാന്‍ ആവേശം കാരണം ക്യാമറയും പിടിച്ച് സ്റ്റെപ്പിടാൻ തുടങ്ങി. ഈ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ക്യാമറയും പിടിച്ചുകൊണ്ടുള്ള ഇയാളുടെ ഡാന്‍സ് മറ്റാരോ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

സുധി കോട്ടുക്കൽ എന്നാണ് ക്യാമറാമാന്റെ പേര്. ഡിസംബർ 12 ന് നടന്ന വിവാഹമാണിതെന്ന് സുധി പറഞ്ഞു. കല്യാണപ്പെണ്ണ് സ്റ്റെപ് മറന്നുപോയപ്പോൾ ചില സ്റ്റെപ്പിട്ട് അവരെ കാണിച്ചതാണെന്ന് സുധി പറയുന്നു. നല്ല ഫ്രെയിം കിട്ടാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്‌തത്. അറിയാതെ ഡാൻസ് കളിച്ചുപോയതാണ്. പക്ഷേ, കൂടെയുണ്ടായിരുന്ന ഫൊട്ടോഗ്രാഫർ സുഹൃത്ത് ഇത് വീഡിയോയിൽ പകർത്തി. വീഡിയോ വൈറലായ ശേഷമാണ് താനിത് കാണുന്നതെന്നും സുധി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook