എലണ്‍ മസ്ക് ട്വിറ്റര്‍ വാങ്ങിച്ചതിന് പിന്നാലെ നെറ്റിസണ്സിനിടയില് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. തങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന പല സമൂഹ മാധ്യമങ്ങളും സ്ഥാപനങ്ങളും ഏറ്റെടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്. അതിലെ ഏറ്റവും പുതിയ അഡ്മിഷനാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍.
ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ തന്റെ അടുത്ത ലക്ഷ്യം കൊക്ക കോളയാണെന്ന് മസ്ക് തമാശ രൂപേണ ട്വിറ്ററില്‍ കുറിച്ചിരിന്നു. ഇതിന് പിന്നാലെയാണ് ഗില്ലിന്റെ ആവശ്യം. “മസ്ക്, ദയവായി സ്വിഗി വാങ്ങിക്കു, അതാകുമ്പോള്‍ സമയത്ത് ഭക്ഷണം എത്തിക്കുമല്ലോ,” ഗില്‍ ട്വിറ്ററില്‍ കുറിച്ചു.
ഗുജറാത്ത് ടൈറ്റന്‍സിന്റെ താരം കൂടിയായ ഗില്ലിന്റെ ട്വീറ്റ് നെറ്റിസണ്‍സ് ഏറ്റെടുത്തു. ചിലരിത് തമാശയാണെന്ന് കരുതി അവരുടെ ആവശ്യവും ഗില്ലിന്റെ ട്വീറ്റിനൊപ്പം ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ സീസണില്‍ മോശം ഫോമിലായിരുന്നു ഗില്ലിനെ ട്രോളാനും ചിലര്‍ മുന്നോട്ടു വന്നു.
ട്വിറ്ററില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ സ്വിഗിയുടെ കസ്റ്റമര്‍ കെയര്‍ മറുപടിയുമായി എത്തി. “ട്വിറ്ററിലാണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ ഓര്‍ഡറുകള്‍ കൃത്യമാണെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം, നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍,” സ്വിഗി മറുപടി നല്കി.
കടുത്ത ചൂടിലും ഒരു ദിവസം മുഴുവന്‍ ഡെലിവറിക്കായി നടക്കുന്ന ഡെലിവറി ബോയ്സിനെതിരെ പരാതിപ്പെടരുതെന്നും ചിലര്‍ ഗില്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ബയൊ ബബിളില്‍ കഴിയുന്ന ഗില്‍ എങ്ങനെ ഓര്‍ഡര്‍ ചെയ്യുമെന്ന സംശയവും ചിലര്‍ ഉന്നയിച്ചു.
Also Read: കൊടും ചൂട്; കാറിന്റെ ബോണറ്റില്‍ ചപ്പാത്തി വരെ ചുട്ടെടുക്കാം; വീഡിയോ