തൃശൂര്‍: കഴിഞ്ഞ ദിവസം ഏറെ ആവേശത്തോടെയാണ് പുലികള്‍ തൃശൂര്‍ നഗരത്തെ ഇളക്കിമറിച്ചത്. മഴ ഒഴിഞ്ഞുനിന്ന കാലാവസ്ഥയില്‍ പതിനായിരങ്ങളാണ് തൃശൂര്‍ നഗരത്തിലേക്ക് പുലിക്കൂട്ടത്തെ കാണാന്‍ എത്തിയത്. ആറ് സംഘങ്ങളിലായി 300 ലേറെ പുലികള്‍ തൃശൂര്‍ നഗരം കയ്യടക്കി. എന്നാല്‍, ആരും പ്രതീക്ഷിക്കാതെ പുലികള്‍ക്കിടയിലേക്ക് ഒരു അപ്രതീക്ഷിത അതിഥിയും എത്തി.
പുലിക്കളിക്കിടെ സ്വരാജ് റൗണ്ടില്‍ ഭീതി സൃഷ്ടിച്ചത് ഒരു കാളക്കൂറ്റനാണ്. കൊമ്പന് എത്തിയതോടെ പുലികളെല്ലാം വിറച്ചു. ആള്‍ക്കൂട്ടത്തെ കണ്ട കാള തലങ്ങും വിലങ്ങും ഓടി. കൊമ്പു കുലുക്കിയുള്ള കാളയുടെ ഓട്ടത്തിനിടയില്‍ പുലികളെല്ലാം ഓരോ ഭാഗത്തേക്ക് ചിതറിയോടി. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാളകളില്‍ ഒന്നാണ് പുലിക്കളിക്കിടെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.
പുലിക്കളിക്കിടെ കാള വിരണ്ടോടിയപ്പോൾ, കാളയുടെ കുത്തേറ്റ് ഏതാനും പേർക്ക് പരുക്കേറ്റു. ഇന്നലെയായിരുന്നു തൃശൂരിൽ പുലിക്കളി pic.twitter.com/aDcJ3PtXCH
— IE Malayalam (@IeMalayalam) September 15, 2019
ജനക്കൂട്ടത്തിനിടയിലേക്ക് കാള എത്തിയതോടെ പുലിക്കളി കാണാന്‍ എത്തിയവരും ഭയവിഹ്വലരായി. പലരും കൂട്ടം തെറ്റി ഓടി. ഇതിനിടയില്‍ കാളയുടെ കുത്തേറ്റ് ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രക്ഷ നേടി ഓടുന്നതിനിടയില്‍ ചിലര്‍ റോഡില്‍ വീഴുകയും ചെയ്തു. പിന്നീട് ഏറെ ബുദ്ധിമുട്ടിയാണ് കാളയെ ഓടിപ്പിച്ചു വിട്ടത്. ജില്ലാ ആശുപത്രിക്ക് മുന്പില് വച്ചാണ് കാള രണ്ടുപേരെ കുത്തിയത്.
ഇന്നലെ വൈകീട്ട് 4.30 മുതലാണ് തൃശൂരിൽ പുലിക്കളി നടന്നത്. പതിനായിരങ്ങളാണ് പുലിക്കളി കാണാൻ എത്തിയത്. വിദേശികളും പുലിക്കളി ആസ്വദിക്കാൻ തൃശൂരിലെത്തിയിരുന്നു. പെൺപുലികളും കുട്ടിപുലികളും കൂടുതൽ കൈയ്യടി നേടി.
Read Also: പുതിയ സിനിമകളുടെ പ്രൊമോഷന് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി മമ്മൂട്ടിയും വിജയ്യും
ഉച്ച മുതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് കയറുന്നതിന് തടസമുണ്ടായിരുന്നു. സ്വരാജ് റൗണ്ടിലാണ് പുലിക്കളി നടക്കുന്നത്. അതിനാല്‍ തന്നെ ഉച്ചമുതല്‍ വാഹനങ്ങള്‍ക്കെല്ലാം നിയന്ത്രണമുണ്ടായിരുന്നു. വലിയ പൊലീസ് സന്നാഹമാണ് നഗരത്തില്‍ നിയന്ത്രണത്തിനായി എത്തിയത്.
കഴിഞ്ഞ വർഷം പ്രളയം മൂലം പുലിക്കളി നടത്തിയില്ല. കഴിഞ്ഞ വർഷം ലഭിച്ച പണമെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുകയായിരുന്നു. ആചാരം എന്ന നിലയിൽ മാത്രമാണ് കഴിഞ്ഞ വർഷം പുലിക്കളി നടത്തിയത്. അയ്യന്തോൾ ദേശമാണ് ഇത്തവണ പുലിക്കളിയിൽ ഒന്നാം സ്ഥാനം നേടിയത്.