ശ്രീനഗറില്‍ സുരക്ഷയൊരുക്കുന്ന സിആര്‍പിഎഫ് സേന പുറത്തിറക്കിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. സേന ട്വിറ്ററിലൂടെ പുറത്തിറക്കിയ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. മുസ്ലിം സൈനികന്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുമ്പോള്‍ തോക്കുമേന്തി കാവല്‍ നില്‍ക്കുന്ന മറ്റൊരു സൈനികന്റെ ചിത്രങ്ങളാണ് സേന പുറത്തുവിട്ടത്.

ചിത്രം പുറത്തുവിട്ടതോടെ നിരവധി പേരാണ് സേനയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതാണ് യഥാര്‍ത്ഥ ഇന്ത്യയെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ചിത്രമെന്നും കമന്റുകള്‍ നിറഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭീകരവാദവിരുദ്ധ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലുഷിതമായ പ്രദേശം കശ്മീരാണ്. 2016ല്‍ 93 ശതമാനം ആക്രമണമാണ് കശ്മീരില്‍ വര്‍ദ്ധിച്ചത്. ഇന്ത്യയില്‍ 2016ല്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 19 ശതമാനവും നടന്നത് കശ്മീരിലാണ്.

സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ നിരന്തരം ഭീകരാക്രമണങ്ങള്‍ ഉണ്ടാവുന്നുണ്ട്. മിക്കപ്പോഴും സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണങ്ങള്‍ ഉണ്ടാവുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ