കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ടാണ് ചൈനയിലെ നൻഹു പാലം തകർത്തത്. 700 കിലോഗ്രാം സ്ഫോടന വസ്തുക്കളാണ് 39 വർഷം പഴക്കമുളള പാലം തകർക്കാനായി ഉപയോഗിച്ചത്. പാലം തകർത്തതാകട്ടെ വെറും 3.5 സെക്കന്റുകൾ കൊണ്ടും. പാലം തകരുന്നതിന്റെ ദൃശ്യങ്ങൾ ചൈനയിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

പുതിയ പാലം പണിയുന്നതിനുവേണ്ടിയാണ് പഴയ പാലം തകർത്തതെന്നാണ് ചൈന ഗ്ലോബൽടൈംസ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മൂന്നു മുതൽ അഞ്ചു ദിവസം വരെ വേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു. 1978 ൽ നിർമിച്ച നൻഹു പാലത്തിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയത് പണിയാൻ തീരുമാനിച്ചത്. ചൈനയിലെ ജിലിൻ പ്രവിശ്യയിലാണ് ഈ പാലം ഉളളത്.

150 മീറ്റർ നീളത്തിലായിരിക്കും പുതിയ പാലം നിർമിക്കുകയെന്ന് പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. 26 മീറ്റർ വീതിയുണ്ടാകും. ഇരുവശത്തും 16 മീറ്റർ വീതി കാറുകൾ സഞ്ചരിക്കുന്നതിനും 5 മീറ്റർ കാൽനടയാത്രക്കാർക്കും മാറ്റിവയ്ക്കും. ഈ വർഷം സെപ്റ്റംബറിൽ പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും 100 വർഷം നിലനിൽക്കുന്ന തരത്തിലാണ് പാലം നിർമിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ