പലപ്പോഴും വിവാഹ ആഘോഷങ്ങള്‍ വിവാഹ ആഭാസങ്ങളായി പരിണമിക്കാറുണ്ട്. വരന്റെയോ വധുവിന്റെയോ ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ ആയിരിക്കും ഇത്തരം ആഭാസങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഇരകളാകുന്നത് വധുവോ വരനോ ആയിരിക്കും. വിവാഹ ചടങ്ങ് ആയത് കൊണ്ട് തന്നെ ഇരുവര്‍ക്കും പ്രതികരിക്കാനും കഴിയില്ല. എന്നാല്‍ തന്നോട് മോശമായി പെരുമാറിയ ആളോട് പ്രതികരിച്ച മണവാട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

വധുവും വരനും പരസ്‌പരം വരണമാല്യം ചാര്‍ത്തുന്നതിനിടയിലാണ് സംഭവം. വരണമാല്യം ചാര്‍ത്തുന്നതിലൂടെ സ്ത്രീയും പുരുഷനും പരസ്‌പരം ബന്ധം പുലര്‍ത്തുന്നു എന്നതിന് തെളിവാണ്. വരന്‍ അണിയിക്കുന്ന മാല്യത്തിലൂടെ വധു തന്റെ സര്‍വ്വസ്വവും വരനായി നൽകണമെന്നും, വധു അണിയിക്കുന്ന മാല്യത്തിലൂടെ വരന്റെ സര്‍വ്വസ്വവും വധുവിനാകണമെന്നുമാണ് വ്യവസ്ഥ. ചടങ്ങ് നടത്താനായി വരന്റെ സുഹൃത്ത് ആദ്യം വരനെ എടുത്ത് ഉയര്‍ത്തി.

പിന്നാലെ മധ്യവയസ്കനായ ഒരാള്‍ വധുവിനേയും പിന്നില്‍ നിന്ന് എടുത്ത് ഉയര്‍ത്തുകയായിരുന്നു. ആദ്യം മിണ്ടാതിരുന്ന യുവതി വരണമാല്യം ചാര്‍ത്തി താഴെ ഇറങ്ങിയ ഉടനെ മധ്യവയസ്കന്റെ കരണത്ത് അടിച്ചു. യുവതിയുടെ അനുവാദം ഇല്ലാതെ ദേഹത്ത് തൊടുകയും എടുത്ത് ഉയര്‍ത്തുകയും ചെയ്‌തയാള്‍ ആരാണെന്ന് വ്യക്തമല്ല. ഇയാള്‍ വധുവിന്റേയോ വരന്റെയോ ബന്ധു ആയിരിക്കാമെന്നാണ് നിഗമനം.

കരണത്ത് അടി കിട്ടിയ പാടെ ഒന്ന് പകച്ചു പോയ ഇയാള്‍ വിവാഹ വേദിയില്‍ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ മുഖത്ത് അടിച്ചാണ് ഇറങ്ങിപ്പോയത്. ഇതിനെല്ലാം സാക്ഷിയായ വരന്‍ വാ പൊളിച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook