കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി മുലപ്പാലിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. ലോക മുലയൂട്ടല്‍ വാരമാണ് കഴിഞ്ഞയാഴ്ച ലോകമെമ്പാടും ആചരിച്ചത്. കുഞ്ഞുങ്ങള്‍ക്ക് അവശ്യം വേണ്ട പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള സമീകൃതാഹാരമാണ് മുലപ്പാല്‍ എന്നു പറയേണ്ടതില്ലല്ലോ. ജീവകങ്ങള്‍, മാംസ്യം, കൊഴുപ്പ് എന്നിങ്ങനെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കുവേണ്ട എല്ലാം കൃത്യമായ അളവില്‍ മുലപ്പാലിലുണ്ട്. വൈറസുകള്‍ക്കെതിരെയും അലര്‍ജികള്‍ക്കെതിരെയും പോരാടാനുള്ള ആന്റിബോഡികളും കുട്ടികള്‍ക്ക് ലഭിക്കുന്നത് മുലപ്പാലില്‍ നിന്നു തന്നെയാണ്.

സ്ത്രീകൾക്ക് അതായത് അമ്മമാർക്ക് പലപ്പോഴും പൊതു ഇടങ്ങളിൽ കുഞ്ഞുങ്ങൾക്ക് മുലകൊടുക്കുവാൻ സാധിക്കാതെ വരുന്നു എന്ന വസ്തുത പല രീതിയിലും നമ്മുടെ നാട്ടിൽ കാണുന്നുണ്ട്. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിന് മുലയൂട്ടുവാൻ കഴിയുമ്പോഴും അതിനു സ്വാതന്ത്ര്യമായി കഴിയാതെയും വരുന്നുണ്ട്. പല അമ്മമാരും അത് പങ്കു വയ്ക്കുകയും അവർ അനുഭവിച്ചിട്ടുള്ള അല്ലെങ്കിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പൊതു ബോധത്തിലേക്ക് എത്തേണ്ടത് അനിവാര്യമാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു യുവതിക്കുണ്ടായ ഇത്തരത്തിലുളള അനുഭവമാണ് വൈറലായി മാറിയത്. മെക്സിക്കോ സന്ദര്‍ശിക്കാനെത്തിയ ടെക്സസ് സ്വദേശിനിയായ ഡൂഡ്ലി എന്ന യുവതിയെയാണ് ഒരാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്. കാബോ സാന്‍ ലൂക്കാസില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവര്‍. ഒരു റസ്റ്ററന്റില്‍ ഇരിക്കുമ്പോഴാണ് ഇവര്‍ കുഞ്ഞിന് മുലയൂട്ടിയത്. ഉടന്‍ തന്നെ സമീപത്ത് ഉണ്ടായിരുന്ന ഒരാള്‍ യുവതിയോട് മാറ് മറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡൂഡ്ലി തന്റെ ഭര്‍ത്താവിനോട് ടവല്‍ ആവശ്യപ്പെട്ടു. ഈ ടവല്‍ കൊണ്ട് മാറ് മറയ്ക്കുന്നതിന് പകരം മുഖമാണ് ഡൂഡ്ലി മറച്ചത്. റസ്റ്ററന്റിലുണ്ടായിരുന്ന മറ്റുളളവര്‍ ഈ രംഗം ഉടനെ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രം വൈറലായി മാറി. നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയില്‍ രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook