പല കമ്പനികളുടേയും ബ്രാന്‍ഡ് അംബാസിഡറാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി. കോഹ്ലിയും റിഷഭ് പന്തും അംബാസിഡര്‍മാരായ ഒരു ഉത്പന്നത്തിന്റെ പരസ്യത്തിനായി ഇരുവരും ഈയടുത്ത് ഒന്നിച്ചിരുന്നു. ഉത്പന്നത്തിന്റെ ഗുണത്തെ പറ്റി ഇരുവരും റാപ്പിന്റെ രൂപത്തില്‍ വിശദീകരിക്കുന്ന പരസ്യമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത്.

റിഷഭ് പന്തിന്റെ മുഖത്ത് മുഖക്കുരു കാണുന്ന കോഹ്ലി മുഖക്കുരു മാറ്റാനായി ഈ ഉത്പന്നം ഉപയോഗിക്കാന്‍ റാപ്പിന്റെ രൂപത്തില്‍ പറയുന്നതാണ് പരസ്യം. വിരാട് കോഹ്ലി തന്റെ ആരാധകര്‍ക്ക് മുമ്പില്‍ ട്വിറ്ററിലൂടെ ഈ പരസ്യം പുറത്തുവിട്ടു. ലക്ഷക്കണക്കിന് ആരാധകരാണ് നിമിഷങ്ങള്‍ക്കുളളില്‍ ഈ പരസ്യം കണ്ടത്. പലരും പരസ്യത്തിന് അഭിനന്ദനം അറിയിച്ചപ്പോള്‍ മറ്റു ചിലര്‍ പരസ്യത്തെ പുച്ഛിച്ചാണ് രംഗത്തെത്തിയത്.

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ബ്രാഡ് ഹോഡ്ജ് ആയിരുന്നു അതില്‍ ഒരാള്‍ രൂക്ഷമായ ഭീഷയിലാണ് ഹോഡ്ജ് കോഹ്ലിയേയും റിഷഭ് പന്തിനേയും വിമര്‍ശിച്ചത്. ‘പണത്തിന് വേണ്ടി ചെയ്യുന്നത് കാണുന്നത് ആശ്ചര്യപ്പെടുത്തുന്നു’ എന്നാണ് പരസ്യം ഷെയര്‍ ചെയ്ത് കൊണ്ട് ഹോഡ്ജ് ട്വീറ്റ് ചെയ്തത്. വൈകാതെ കോഹ്ലിയുടെ ആരാധകര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. പിന്നെ ഹോഡ്ജിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ട്വിറ്ററില്‍ കണ്ടത്.

ഓസ്ട്രേലിയന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ച സാന്‍ഡ് പേപ്പര്‍ ഗേറ്റ് വിവാദം ആരാധകര്‍ കുത്തിപ്പൊക്കി. ഓസിസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച്‌ പന്തു ചുരണ്ടിയതാണ് വിവാദം ക്ഷണിച്ചുവരുത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അംപയര്‍ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ബാന്‍ക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു.

Read More: ക്രിക്കറ്റിലെ നാണംകെട്ട ചതി’; പന്തില്‍ കൃത്രിമം കാണിച്ചതിനെതിരെ മൈക്കള്‍ ക്ലാര്‍ക്ക്

റഫറിയോട് ബാന്‍ക്രോഫ്റ്റ് കുറ്റം സമ്മതിച്ചു. എല്ലാം തനിക്ക് അറിയാമെന്ന് സ്റ്റീവ് സ്മിത്തും വിശദീകരിച്ചു. ഇതോടെ ക്രിക്കറ്റ് ഓസ്ട്രേലിയ കടുത്ത സമ്മര്‍ദ്ദത്തിലായി. ബാന്‍ക്രോഫ്റ്റ് ടീമിലെ സീനിയര്‍ താരങ്ങളുടെ അറിവോടെയാണ് പന്തില്‍ കൃത്രിമം കാണിച്ചതെന്നാണ് സ്റ്റീവ് സ്മിത്ത് വിശദീകരിച്ചത്.

പന്തു ചുരണ്ടുന്ന വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മല്‍സരശേഷമുള്ള ന്യൂസ് കോണ്‍ഫറന്‍സില്‍ പന്തില്‍ കൃത്രിമം കാട്ടിയ കാര്യം ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സമ്മതിച്ചു. പന്തില്‍ കൃത്രിമം കാട്ടിയ കാര്യം അംപയര്‍മാര്‍ക്കു മുന്നിലും സമ്മതിച്ചിരുന്നതായി കാമറൂണ്‍ ബാന്‍ക്രോഫ്റ്റും സമ്മതിച്ചു. ഈ മല്‍സരം വളരെയേറെ പ്രാധാന്യമുള്ളതായതിനലാണ് ‘എന്തെങ്കിലും ഗുണം ലഭിക്കുമെന്ന’ പ്രതീക്ഷയില്‍ പന്തു ചുരണ്ടിയതെന്നും സ്മിത്ത് ഏറ്റു പറഞ്ഞു. ആരാധകരും മുന്‍ താരങ്ങളും രംഗത്തെത്തിയതോടെ ഓസീസ് ടീം പ്രതിരോധത്തിലായി. ഓസ്‌ട്രേലിയന്‍ ടീം രാജ്യത്തെ ചതിച്ചുവെന്ന വികാരമാണ് ആരാധകരും മുന്‍ താരങ്ങളും പങ്കുവച്ചത്. ലോകമാകെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് താരങ്ങളെ സസ്പെന്‍ ചെയ്യുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook